1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2022

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റു ചെയ്യാൻ അനുമതിയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും എന്താണ് ആരോപണമെന്നു മനസ്സിലാക്കിയതിനുശേഷം കേസ് പരിഗണിക്കുന്നതാണു നല്ലതെന്നും കോടതി വാക്കാൽ പറഞ്ഞു. അറസ്റ്റ് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.

ബാലചന്ദ്രകുമാറിന്റെ മൊഴിപകർപ്പ് ഹാജരാക്കാൻ സർക്കാരിനു കോടതി നിർദേശം നൽകി. ചൊവ്വാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാരും അറിയിച്ചു. ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ മറ്റുള്ളവര്‍. നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ദിലീപിനെതിരായ കേസ്.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി ദിലീപ്. ഈ ആവശ്യമുന്നയിച്ചു വിചാരണ കോടതിയിൽ ദിലീപ് ഹർജി നല്‍കി. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണു ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയ ദിവസമാണു വിചാരണ കോടതിയിലെയും നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.