1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2022

സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നടക്കുന്നത്. ചോദ്യം ചെയ്യലിനിടെ സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി.

നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിലെ ജീവനക്കാരനെയാണ് വിളിച്ചുവരുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വ്യക്തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന. ഇന്നലെ ദിലീപിനെ 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യൽ.

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാൾ ഭാഗികമായി സ്ഥിരീകരിച്ചതായി അന്വേഷണസംഘം അറിയിച്ചിരുന്നു.. എന്നാൽ, ഒന്നാം പ്രതി ദിലീപിനൊപ്പം ചോദ്യം ചെയ്യലിനു ഹാജരായവരിൽ ആരാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പ്രതികൾ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി. പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്നു ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശിച്ചിരുന്നു. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് അന്നു പരിഗണിക്കും.

അതിനിടെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയാക്കപ്പെടേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗിയുടെ അഭിപ്രായം തേടി. പല രീതിയിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം വിചാരണ നീട്ടുന്നതിനെ എതിർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.