
സ്വന്തം ലേഖകൻ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രാജ്യം. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ത്യൻ സിനിമയുടെ വിഷാദ നായകൻ്റെ അന്ത്യം. 98 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയിലെ വിഷാദത്തിൻ്റെ രാജ്യകുമാരനാക്കി.
യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. 1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. ജ്വാര്‍ ഭാട്ടയായിരുന്നു ആദ്യ ചിത്രം. മെത്തേഡ് ആക്ടിങ് എന്താണെന്ന് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ദിലീപ് കുമാറാണ്. അഞ്ച് പതിറ്റാണ്ട് സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും അഭിനയിച്ചത് വെറും 65 സിനിമകളില്‍.
അഭിനയിച്ച സിനിമകളുടെ വിജയവും പേരും പ്രശസ്തിയും അങ്ങനെ ജീവിതത്തിന്റെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ദിലീപ് കുമാറിനെ വിഷാദരോഗം പിടികൂടുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പലതും മനസ്സിന്റെ പടിയിറങ്ങി പോകാത്തതായിരുന്നു ദിലീപിന്റെ പ്രശ്‌നം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദുരന്തനായക കഥാപാത്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചു.
1955 ല്‍ പുറത്തിറങ്ങിയ ആസാദ് എന്ന ചിത്രം ദിലീപിനെ സംബന്ധിച്ച് ഒരു പുതിയ തുടക്കമായിരുന്നു. 1976 ല്‍ പുറത്തിറങ്ങിയ ബൈരാഗ് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു ദിലീപ് കുമാര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനോജ് കുമാറിന്റെ ക്രാന്തിയിലൂടെ മടങ്ങിയെത്തി. വലിയ താരനിര അണിനിരന്ന ക്രാന്തി ഗംഭീര വിജയമായിരുന്നു.
1991ല്‍ പുറത്തിറങ്ങിയ സൗദാഗര്‍ എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ നീണ്ട് ഇടവേള. പിന്നീട് ഉമേഷ് മെഹ്‌റയുടെ കിലയോടെ അഭിനയ ജീവിതത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു ദിലീപ്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദിലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
റിയലിസ്റ്റിക് നടനായി മാറി ബോളിവുഡ് സിനിമയെ പുതിയ വഴിത്താരയിലേക്ക് നയിച്ച പരമ്പരയിലെ പ്രധാനിയാണ് ദിലീപ് കുമാര്‍. ബോളിവുഡ് നായകരില്‍ ബഹുഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാര്‍ വേറിട്ടുനിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല