1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2021

സ്വന്തം ലേഖകൻ: ദിർഹം- രൂപ വിനിമയ നിരക്ക് അപ്‌ഡേറ്റ് ചെയ്തപ്പോൾ ഗൂഗിളിന് പറ്റിയ അബദ്ധം പണിയായത് മലയാളികൾക്ക്. ഇന്നലെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകൾ മലയാളികളെ കൊണ്ടു നിറഞ്ഞപ്പോഴാണ് ഗൂഗിളിന് പറ്റിയ അമളി പലരും തിരിച്ചറിഞ്ഞത്. ദിർഹത്തിനെതിരേ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെന്ന അറിയിപ്പാണ് മലയാളികളെയടക്കം എക്‌സ്‌ചേഞ്ചുകളില്ലെത്തിച്ചത്.

ഒരു ദിർഹത്തിനു 24.83 രൂപയിലെത്തിയെന്നാണു ഗൂഗിൾ അപ്‌ഡേറ്റ് ചെയ്തത്. ഇതോടെ നാട്ടിലേക്ക് പണമയക്കാൻ ആളുകൾ പാഞ്ഞെത്തി. എക്‌സ്‌ചേഞ്ചിലെത്തിയപ്പോഴാണ് ഗൂഗിളിന് തെറ്റുപറ്റിയതാണെന്നു പലരം അറിഞ്ഞത്. രൂപയ്‌ക്കെതിരേ ദിർഹം 19-20 രൂപ റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. കേട്ടപാതി നാട്ടിലേക്ക് ആപ്പുകൾ വഴി പണമയച്ചവരമുണ്ട്. ഗൂഗിളിന്റെ കറൻസി എക്‌സ്‌ചേഞ്ച് ടൂളിൽ സംഭവിച്ച തകരാറാണ് നിരക്കുകളിൽ പ്രതിഫലിച്ചത്.

ഡോളർ- രൂപ വിനിമയ നിരക്കിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് രൂപയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യതിയാനങ്ങൾക്ക് വഴിവയ്ക്കാറുള്ളത്. ഡോളറിനെതിരേ രൂപ 8- 12 പൈസ വ്യത്യാസത്തിൽ 73.49ലാണ് വ്യാപാരം നടത്തിയത്. അതേസമയം ഡോളറിനെതിരേ രൂപയുടെ മൂല്യം ഉടനെ 74ലേക്ക് ഇടിയുമെന്ന വാദം രാജ്യാന്തര വിപണിയിൽ ശക്തമായിട്ടുണ്ട്.

ഇന്ത്യൻ ഓഹരി വിപണികളുടെ റെക്കോഡ് കുതിപ്പും രാജ്യാന്തര എണ്ണവിലക്കയറ്റവുമാണ് ഇതിനു കാരണം. വിപണികളിൽ തിരുത്തലിനു സമയം അതിക്രമിച്ചെന്നു ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക വിദഗ്ധർ ഡോളറിനെതിരേ രൂപ 74.30 വരെ ഇടിയുമെന്നാണു വിലയിരുത്തുന്നത്. തുടർന്ന് 73.84- 74.05 നിരക്കിൽ സ്ഥിരത പ്രാപിക്കാനുള്ള സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ദിർഹം- രൂപ വിനിമയ നിരക്ക് 20.10- 20.20 റേഞ്ചിലെത്തും.

ഇതാദ്യമായല്ല വിനിമയനിരക്കുകളിൽ ഗൂഗിളിന് പിഴവുകൾ സംഭവിക്കുന്നത്. എക്‌സ്‌ചേഞ്ച് ടൂളിൽ പിഴവുകളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇടപാടുകൾക്കു മുമ്പ് ധനകാര്യ സ്ഥാപനങ്ങളിൽ നിരക്കുകൾ ഉറപ്പു വരുത്തണമെന്നും ഗൂഗിൾ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും വിനിമയ നിരക്കുകൾക്കു ഇപ്പോഴും ബഹുഭൂരിപക്ഷവും ഗൂഗിളിനെ തന്നെയാണ് ആശ്രയിക്കുന്നത്. ഗൂഗിളിന് പറ്റിയ പിഴവ് എന്തായാലും ഇന്നലെ മണി എക്‌സ്‌ചേഞ്ച് ജീവനക്കാർക്കും തലവേദനയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.