
സ്വന്തം ലേഖകൻ: എയർഗൺ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റു ഗുരുതരാവസ്ഥയിലായ ഗ്രേസ് എന്ന നായയുടെ സംരക്ഷണ ചുമതല ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റെടുത്തു. ഹലോ ഗ്രേസ്, നീ സുരക്ഷിത കരങ്ങളിലാണെന്നും എല്ലാ സന്തോഷവും ഉറപ്പുനൽകുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറലായി.
ഷെയ്ഖ് ഹംദാനെ ഇൻസ്റ്റഗ്രാമിൽ 1.3 കോടിയിലേറെ പേർ ഫോളോ ചെയ്യുന്നുണ്ട്. ഗ്രേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ അദ്ദേഹം ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുകയായിരുന്നു. ഷാർജയിലെ താമസ മേഖലയിൽ വെടിയേറ്റ നിലയിൽ കഴിഞ്ഞ മാസം 28നാണ് അറേബ്യൻ സലൂകി ഇനത്തിൽപ്പെട്ട നായയെ ഒരു താമസക്കാരി കണ്ടെത്തിയത്.
2 പേർ നായയെ വെടിവയ്ക്കുന്നത് കണ്ടതായി ഇവർ അറിയിച്ചെങ്കിലും കുറ്റവാളികളെ പിടികൂടാനായില്ല. തുടർന്ന് സന്നദ്ധ പ്രവർത്തകരെത്തി ഏറ്റെടുക്കുകയായിരുന്നു. യുഎഇയിൽ മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതയ്ക്ക് ഒരു വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണു ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല