1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2020

സ്വന്തം ലേഖകൻ: നായ്ക്കള്‍ക്കും പരിശീലനം നല്‍കി കൊവിഡ് പരിശോധകരാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജര്‍മന്‍ സൈന്യം. സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. തുടര്‍ന്ന് നായ്ക്കള്‍ക്കു മുന്നില്‍ ആയിരം പേരുടെ സ്രവസാംപിളുകള്‍ എത്തിച്ചു. ഇതില്‍നിന്ന് 94 ശതമാനം കൃത്യതയോടെ നായ്ക്കള്‍ കൊറോണ രോഗികളെ മണത്തു കണ്ടെത്തിയെന്ന് ഹാനോവര്‍ വെറ്ററിനറി സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്തു.

1000 പേരുടെയും ഉമിനീരാണ് നായ്ക്കളെ കൊണ്ടു മണപ്പിച്ചത്. ഇതില്‍ ചിലത് കൊവിഡ് പോസിറ്റീവ് ആയവരുടെ സ്രവമായിരുന്നു. പരിശീലനം ലഭിച്ച നായ്ക്കള്‍ ഒരുപറ്റം സാംപിളുകളില്‍നിന്ന് കൊവിഡ് ബാധിതരുടെ സ്രവം കൃത്യതയോടെ തിരിച്ചറിഞ്ഞുവെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കൊവിഡ് ബാധിതരുടെ ചയാപചയം മറ്റുള്ളവരില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും നായ്ക്കള്‍ക്കു ഗന്ധത്തിലൂടെ അതു തിരിച്ചറിയാനാകുമെന്നും ഗവേഷകര്‍ പറഞ്ഞു.

ജര്‍മന്‍ സൈന്യവും ഹാനോവര്‍ വെറ്ററിനറി സ്‌കൂളും സംയുക്തമായാണു പഠനം നടത്തിയത്. വിമാനത്താവളങ്ങള്‍, അതിര്‍ത്തിപോസ്റ്റുകള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് രോഗികളെ തിരിച്ചറിയാന്‍ നായ്ക്കളെ ഉപയോഗിക്കാനാണു പദ്ധതി. അടുത്തഘട്ടത്തില്‍, മറ്റ് ഇന്‍ഫ്ലുവന്‍സ രോഗികളില്‍നിന്നു കൊവിഡ് ബാധിതരെ വേര്‍തിരിച്ച് അറിയാനുള്ള പരിശീലനവും നായ്ക്കള്‍ക്കു നല്‍കുമെന്ന് ഗവേഷകര്‍ അറിയിച്ചു. ചിലെയിലും ലണ്ടനിലും സമാനമായ രീതിയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായ്ക്കള്‍ക്കു പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.