1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2019

സ്വന്തം ലേഖകൻ: ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിന്റെ ട്രയല്‍ പൊതുജനങ്ങള്‍ക്കായി 10നു തുറക്കും. അല്‍ മന്‍സൂറ മുതല്‍ അല്‍ റിഫ ഖത്തര്‍ മാള്‍ വരെയാണു പുതിയ പാത. ഗ്രീന്‍ ലൈനിനൊപ്പം റെഡ് ലൈനിലെ ഹമദ് രാജ്യാന്തര വിമാനത്താവളം, കതാര, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ലുസൈല്‍ സ്റ്റേഷനുകളും 10നു തുറക്കും. ഇതോടെ ദോഹ മെട്രോയുടെ എല്ലാ ലൈനുകളുടെയും പൈലറ്റ് പ്രവര്‍ത്തനം പൂര്‍ത്തിയാകും.

ദോഹയുടെ കിഴക്കുനിന്നു പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന ഗ്രീന്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. അല്‍ മന്‍സൂറ, മഷൈറബ്, അല്‍ ബിദ്ദ, വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസില, അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ഷക്കാബ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ (ഖത്തര്‍ മാള്‍) എന്നിവയാണു സ്റ്റേഷനുകള്‍.

റെഡ്, ഗോള്‍ഡ് ലൈനുകളുടേതിനു സമാനമായിരിക്കും ഗ്രീന്‍ ലൈനിന്റെയും പ്രവര്‍ത്തനസമയമെന്നു ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണു പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 11 വരെയാണു പ്രവര്‍ത്തന സമയം.

എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലേക്കു പോകാന്‍ ഗ്രീന്‍ ലൈനിലാണു സഞ്ചരിക്കേണ്ടത്. ഈ സ്‌റ്റേഡിയത്തിലാണു ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നത്. ഡിസംബര്‍ 21 നാണു ഫൈനല്‍ മത്സരം. 18നു ഖത്തര്‍ ദേശീയ ദിനത്തില്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. അല്‍ റിഫ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഖത്തര്‍ മാളിലേക്കു നടക്കാം.

മെട്രോ യാത്രക്കാര്‍ക്കു മറ്റു ലൈനുകളിലേക്കു മാറാന്‍ മുഷൈറബ്, അല്‍ ബിദ്ദ സ്‌റ്റേഷനുകള്‍ ഉപയോഗപ്പെടുത്താം. മുഷൈറബ് സ്റ്റേഷനില്‍ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകള്‍ കടന്നുപോകുന്നുണ്ട്. അല്‍ ബിദ്ദയിലൂടെ റെഡ്, ഗ്രീന്‍ ലൈനുകളാണു കടന്നുപോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.