1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 81.93 നിലവാരത്തിലേയ്‌ക്കെത്തി. മുന്‍ വ്യപാര ദിനത്തിലെ ക്ലോസിങ് നിലവാരായ 81.58ല്‍നിന്ന് 0.42ശതമാനമാണ് ഇടിവ്. വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍. വിദേശ നിക്ഷേപകര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

82-83 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിയുമെന്നാണ് വിലയിരുത്തല്‍. മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ശ്രമിക്കുന്നുണ്ടെങ്കിലും പരിമിതമായിമാത്രമാണ് അത് വിപണിയില്‍ പ്രതിഫലിക്കന്നത്. അതിനിടെ, യുഎസിലെ ട്രഷറി ആദായം നാലുശതമാനത്തിലെത്തി. അപകടകരമായി തുടരുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിരക്ക് ഉയര്‍ത്തല്‍ തുടരേണ്ടതുണ്ടെന്ന കേന്ദ്ര ബാങ്ക് മേധാവി ജെറോം പവല്‍ ആവര്‍ത്തിച്ചതാണ് ആദായംകൂടാന്‍ ഇടയാക്കിയത്.

രൂപയുടെ തകർച്ചയും ചരക്ക് നീക്കത്തിന്റെ ചെലവ് കുറഞ്ഞതും യുഎഇയിൽ പണപ്പെരുപ്പം പിടിച്ചുനിർത്തുമെന്ന് പ്രതീക്ഷ. രൂപയ്ക്കെതിരെ ദിർഹം കരുത്താർജിച്ചതോടെ ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള രാജ്യത്തിന്റെ ശേഷി വർധിച്ചു. സാധനങ്ങൾ എത്തിക്കുന്നതിനുള്ള കണ്ടെയ്നറുകളുടെ ചെലവ് കുറയുകയും ചെയ്തതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 20% വരെ കുറവുണ്ടാകുമെന്നാണ് നിഗമനം.

ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാൻ രൂപയുടെയും ബ്രിട്ടിഷ് പൗണ്ടിന്റെയും മൂല്യമിടിഞ്ഞതും യുഎഇക്കു നേട്ടമാകും. ദിർഹത്തിന്റെ മൂല്യമിടിയാത്തതിനാൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാമെന്നതാണ് പ്രധാന നേട്ടം. ഇതിന്റെ പ്രതിഫലനം നേരിട്ടു വിപണിയിൽ അറിയാം. ഫ്രീറ്റ് നിരക്കിലുണ്ടാകുന്ന (കണ്ടെയ്നറുകളുടെ റേറ്റ്) വർധനയും ഭക്ഷ്യവസ്തുക്കളുടെ വിലയെയാണ് നേരിട്ടു ബാധിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ യുഎഇ ഇറക്കുമതി ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.