1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2021

സ്വന്തം ലേഖകൻ: വീട്ടു ജോലിക്കാരെ കൊണ്ടു വരാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ വലവീശിപ്പിടിക്കുന്നത്.

കൊവിഡ് വിമാന വിലക്ക് നിലനിൽക്കുന്നതിനാൽ എമിറേറ്റുകളിൽ പുതിയ വീട്ടു ജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഈ അവസരം മുതലാക്കിയാണ് സമൂഹ മാധ്യമങ്ങളിൽ വീട്ട് ജോലിക്കാരെ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യങ്ങൾ നിറയുന്നത്.

പരസ്യം വിശ്വസിച്ച് പലരും നിശ്ചിത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. എന്നാൽ വീട്ടു ജോലിക്കാരെ കാത്തിരുന്ന എല്ലാവർക്കും നൽകിയ പണം നഷ്ടപ്പെട്ടു. ദുബായ് റാഷിദിയ്യ പൊലീസ് സ്റ്റേഷനിൽ മാത്രം ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ 14 പരാതികൾ ലഭിച്ചതായി പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ. സഈദ് ആലു മാലിക് വെളിപ്പെടുത്തി.

കൊവിഡ് മഹാമാരി വ്യാപനം തുടങ്ങിയ ഫെബ്രുവരി മുതൽ ഇതുവരെ 87520 ദിർഹമാണ് സംഘം പലരിൽ നിന്നുമായി തട്ടിയത്. വിമാന സർവീസ് ഇല്ലെങ്കിലും വീട്ടു ജോലിക്കാരെ എത്തിക്കാനാകുമെന്നാണ് സംഘം ആവശ്യക്കാരെ അറിയിച്ചത്. ആഴ്ചകൾക്കുള്ളിൽ ജോലിക്കാരെ നൽകുമെന്നായിരുന്നു വാഗ്ദാനം.

പിന്നീട് വിളിക്കുമ്പോൾ ഒഴിവു കഴിവുകൾ പറഞ്ഞ് അവധി നീട്ടിക്കൊണ്ടു പോകുകയും പണം ലഭിച്ചെന്ന് ഉറപ്പായാൽ പതിയെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തടി തപ്പുകയുമാണ് സംഘത്തിൻ്റെ രീതി. സ്വദേശികളും വിദേശികളുമെല്ലാം തട്ടിപ്പിന് ഇരയായി പൊലീസിനെ സമീപിച്ചതായി ബ്രിഗേ. സഈദ് പറഞ്ഞു.

ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനധികൃത മാർഗങ്ങൾ ഉപയോഗിക്കരുതെന്ന് റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് സ്പോൺസർമാരെ ഓർമിപ്പിച്ചു. നവ മാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങൾ വഴിയും പരസ്യം നൽകി പണം തട്ടുന്ന സംഘങ്ങളിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത വേണം.

തൊഴിലാളികളെ കൊണ്ടുവരാൻ യുഎഇയിലെ ഔദ്യോഗിക സംവിധാനങ്ങൾ മാത്രം പ്രയോജനപ്പെടുത്തുക. പണവും സമയവും ലാഭിക്കാമെന്ന് കരുതി അനധികൃത വഴി തേടുന്നവർക്ക് ഒടുവിൽ ധനനഷ്ടമായിരിക്കും ഫലം. മൂന്നു ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ 35000 ദിർഹം തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയ പരാതി പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.