സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം മൂലം സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. സ്പോണ്‍സറെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ജോലിക്കാര്‍ മൂലമാണ് സൗദിക്ക് ഇത്രയും ഭീമമായ തുക നഷ്ടമാകുന്നതായി സൗദി മാധ്യമങ്ങള്‍ ആരോപിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിതാഖാത് നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ ഒരുങ്ങുന്ന സന്ദര്‍ഭത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്.
മലയാളികള്‍ ഉള്‍പ്പെടുന്ന വിദേശികള്‍ ഏറെയുള്ള വീട്ടുജോലികള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഓടിപോകലിലൂടെ മാത്രം 97,000 റിയാല്‍ നഷ്ടമാകുന്നുണ്ടെന്ന് കൗണ്‍സില്‍ ഓഫ് എക്കണോമി ആന്റ് ഡവലപ്മെന്റിനെ ഉദ്ധരിച്ച് ഒരു പ്രമുഖ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിയമാനുസൃതമല്ലാത്ത മറ്റു ജോലികള്‍ കണ്ടെത്താന്‍ സഹായം നല്കുന്ന സംഘങ്ങളും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ചുമത്തുന്ന ഉയര്‍ന്ന നിരക്കുമാണ് ഈ നഷ്ടത്തിന് പ്രധാന കാരണങ്ങള്‍.
വിദേശികള്‍ക്ക് സ്പോണ്‍സറെ ഉപേക്ഷിച്ച് മറ്റു ജോലികള്‍ കണ്ടെത്തി കൊടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടു ജോലിക്കായി ശരാശരി 800 റിയാല്‍ മാസശമ്പളം നല്കുമ്പോള് തട്ടിപ്പ് റിക്രൂട്ട്മെന്് സ്ഥാപനങ്ങള്‍ കരിഞ്ചന്തയിലൂടെ നല്കുന്ന ജോലിക്കാര്‍ക്ക് 3000 റിയാല്‍ നല്‍കേണ്ടി വരുന്നുണ്ടെന്നാണ് കണ്ടുപിടുത്തം.
റിക്രൂട്ട്മെന്റിനുള്ള ഫീസ് കുത്തനെ കൂട്ടി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ സൗദിയെ കൊള്ളയടിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ റിക്രൂട്ട്മെന്റ് ഫീസ് 5,000 റിയാലിന് മുകളില്‍ പോകില്ല എന്നിരിക്കെ സൗദിയില്‍ 30,000 റിയാല്‍ വരെ വാങ്ങുന്നുണ്ട്.
ഇത്തരം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനോ മേല്‍നോട്ടം നടത്താനോ ആരുമില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര ജോലികളില്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ അവസരം നല്കുന്ന നിയമ നടപടികള്‍ സൗദി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിയമം നടപ്പിലാകുന്നതോടെ അനേകം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയും ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല