സ്വന്തം ലേഖകന്‍: പ്രചാരണത്തിനിടെ ഗാന്ധിജിയെ തെറ്റായി ഉദ്ധരിച്ച ഡൊണാള്‍ഡ് ട്രംപ് വെട്ടിലായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നോമിനി ഡോനാള്‍ഡ് ട്രംപ് ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെഅവര്‍ നിങ്ങളെ പരിഹസിക്കും, പിന്നീട് നിങ്ങളോട് ഏറ്റുമുട്ടും, അപ്പോള്‍ നിങ്ങള്‍ വിജയിക്കും’ എന്നാണ് ഗാന്ധിജിയുടേതെന്ന പേരില്‍ ട്രംപ് പരാമര്‍ശിച്ചത്.
എന്നാല്‍ ഗാന്ധിജി ഒരിക്കലും ഒരിടത്തും ഇപ്രകാരം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കാണീച്ച് ട്രംപിനെതിരെ അമേരിക്കന്‍ മാധ്യമങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എതിരാളികളും രംഗത്തെത്തി. തിങ്കളാഴ്ച അലബാമയിലെ പ്രചാരണത്തിന് സമാപനം കുറിച്ചാണ് ട്രംപിന്റെ പോസ്റ്റ്.
തന്നെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പമുള്ള ചിത്രവും ട്രംപ് ഇസ്റ്റഗ്രാമില്‍ നല്‍കിയിരുന്നു. പാര്‍ട്ടിയിലെ ട്രംപ് വിരുദ്ധ ചേരി തന്നെയാണ് ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. ഗാന്ധിജി ഇപ്രകാരം ഒരിടത്തും പറഞ്ഞതായി തെളിവില്ലെന്നും അത് അദ്ദേഹത്തിന്റെ പേരില്‍ അടിസ്ഥാനമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നതാണെന്നും ദ ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഈ വാചകം 1918 ല്‍ സോഷ്യലിസ്റ്റ് നേതാവായ നിക്കോളാസ് കെയ്ന്‍ ഒരു ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ പറഞ്ഞതാണെന്ന് ദ ഹില്‍ പറയുന്നു. എന്നാല്‍ ട്രംപ് ഇതു സംബന്ധിച്ച് ഒരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല