1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2018

സ്വന്തം ലേഖകന്‍: ചൈനയെ പ്രീതിപ്പെടുത്താന്‍ മാലദ്വീപ്; രാജ്യത്തു നിന്നും ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യം. മാലദ്വീപില്‍നിന്ന് ഇന്ത്യയുടെ സൈനിക സന്നാഹം പൂര്‍ണമായി പിന്‍വലിക്കാന്‍ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. മാലദ്വീപില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ സഹായിക്കാമെന്ന കരാറിന്റെ കാലാവധി ജൂണ്‍ മാസത്തില്‍ അവസാനിച്ച സാഹചര്യത്തിലാണു സൈനിക ഹെലികോപ്ടറുകളും സൈനികരുമുള്‍പ്പെടുന്ന സന്നാഹത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

പ്രസിഡന്റ് അബ്ദുല്ല യമീന്റെ കീഴിലുള്ള ഇപ്പോഴത്തെ മാലദ്വീപ് സര്‍ക്കാര്‍ ചൈനയോടു വിധേയത്വം പുലര്‍ത്തുന്നവരാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നീക്കവുമെന്നാണ് സൂചന. മാലദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നല്‍കിവരുന്നത് ഇന്ത്യയാണെങ്കിലും അടുത്ത കാലത്തായി ചൈനയിലേക്കാണ് മാലദ്വീപിന്റെ പുതിയ ചായ്‌വ്.

അവരുടെ കൂറ് ചൈനയോടാണ്. 2011ല്‍ മാത്രം മാലദ്വീപില്‍ എംബസി തുറന്ന ചൈന, പിന്നീടു ദ്രുതഗതിയിലാണ് അവരുമായുള്ള ബന്ധം വളര്‍ത്തിയെടുത്തത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മാലദ്വീപുമായി അടുക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്. മാലദ്വീപില്‍ ചൈന ആരംഭിക്കുന്ന സംയുക്ത സമുദ്ര നിരീക്ഷണ കേന്ദ്രത്തെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.

മാലദ്വീപിന്റെ വടക്കു പടിഞ്ഞാറെയറ്റത്ത് ഇന്ത്യയോട് ഏറ്റവുമടുത്ത ഭാഗത്തെ മുനമ്പായ മക്‌നുദൂവില്‍ സ്ഥാപിക്കുന്ന നിരീക്ഷണകേന്ദ്രം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണിയാവുമെന്നാണ് ആശങ്ക. അന്തര്‍വാഹിനി താവളം ഉള്‍പ്പെടെ സൈനിക താല്‍പര്യമുള്ള കേന്ദ്രമാണു ചൈന ലക്ഷ്യമിടുന്നതെന്നു മാലദ്വീപിലെ പ്രതിപക്ഷം തന്നെ ആരോപിക്കുന്നുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനു കീഴില്‍ ചൈനയും മാലദ്വീപും കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു നിരീക്ഷണ കേന്ദ്രം തുടങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.