സ്വന്തം ലേഖകന്‍: ‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും. ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു നക്‌സലുകളുടെ വെടിയേറ്റ് മരിച്ചത്. ദണ്ഡേവാഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് അച്യുതാനന്ദ് സാഹുവിനൊപ്പം റിപ്പോര്‍ട്ടര്‍ ധീരജ് കുമാറും അസിസ്റ്റന്റ് മൊര്‍മുകുത് ശര്‍മ്മയും ഉണ്ടായിരുന്നു.
മരണം മുഖാമുഖം കണ്ട നിമിഷത്തില്‍ അസിസ്റ്റന്റായ മൊര്‍മുകുത് ശര്‍മ്മ അമ്മയ്ക്കായി ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഈ സന്ദേശമാണ് റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകനായ ആദിത്യ രാജ് കൗള്‍ പിന്നീട് പുറത്തുവിട്ടത്. ഒരു വനപ്രദേശത്ത് താഴെ കിടന്നുകൊണ്ടാണ് ശര്‍മ്മ വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
‘ഒരു ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ദണ്ഡേവാഡയില്‍ ആണ്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ്. ഞങ്ങള്‍ യാത്രാമധ്യേയാണ്. സൈനികരും ഞങ്ങള്‍ക്കൊപ്പമുണ്ട്. നക്‌സലുകള്‍ പെട്ടെന്ന് ഞങ്ങളെ വളയുകയായിരുന്നു,’ ശര്‍മ്മ പറയുന്നു. പിന്നില്‍ വെടിവെപ്പിന്റെ ശബ്ദം കേള്‍ക്കാം.
‘മമ്മി, ഞാന്‍ ജീവനോടെയുണ്ടെങ്കില്‍..അത് ഒരു ആശ്വാസമായിരിക്കും. മമ്മി, ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഇവിടുത്തെ സാഹചര്യം നല്ലതല്ല. മരണം മുന്നില്‍ കണ്ടിട്ടും എനിക്ക് ഭയം തോന്നുന്നില്ല. ഇവിടുന്ന് രക്ഷപ്പെടുന്നത് പ്രയാസമേറിയ കാര്യമാണ്. 67 ജവാന്‍മാര്‍ ഉണ്ട് ഇവിടെ. അവര്‍ ഞങ്ങള്‍ക്ക് ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്,’ ശര്‍മ്മ വ്യക്തമാക്കുന്നു.
രണ്ടാമത്തെ വീഡിയോയില്‍ ഒരു ജവാന്‍ ആംബുലന്‍സ് വിളിക്കാന്‍ ഉറക്കെ വിളിച്ചുപറയുന്നത് കേള്‍ക്കാം. മറ്റൊരു ജവാന്‍ മൊര്‍മുകുത് ശര്‍മ്മയോട് നിലത്ത് തന്നെ കിടക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ മൊര്‍മുകുത് വെള്ളം ആവശ്യപ്പെട്ടു. ‘ഇല്ല, ഇപ്പോള്‍ നിങ്ങള്‍ അവിടെ അനങ്ങാതെ കിടക്കൂ സുഹൃത്തേ. പാര്‍ട്ടി വരുന്നുണ്ട്. പേടിക്കേണ്ട,’ എന്ന് ജവാന്‍ ശര്‍മ്മയോട് പറയുന്നു.
തെരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് ദൂരദര്‍ശന്‍ സംഘം ദണ്ഡേവാഡയിലെത്തിയത്. ജവാന്‍മാര്‍ക്കൊപ്പം ബൈക്കിലായിരുന്നു ശര്‍മ്മ. അച്യുതാനന്ദ് സഹു അവര്‍ക്ക് മുന്നിലായി നടക്കുകയായിരുന്നു. പെട്ടെന്ന് മുന്നില്‍ പ്രത്യക്ഷപ്പെട്ട നക്‌സലുകള്‍ സഹുവിനെ വെടിവെക്കുകയായിരുന്നു. ക്യാമറയും ഡിഡി ഐഡി കാര്‍ഡും കാണിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ശര്‍മ്മ പിന്നീട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല