
സ്വന്തം ലേഖകൻ: സ്വന്തം മാതാവിനെയും പൊലീസുകാരനെയും കൊലപ്പെടുത്തി രക്ഷപ്പെട്ട സിറിയൻ വംശജൻ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ പകലാണ് സംഭവം. അൽ ഖുസൂറിലാണ് യുവാവ് മാതാവിനെ കൊലപ്പെടുത്തിയത്. സ്വദേശി വനിതയാണ് മാതാവ്. മുബാറക് അൽ കബീർ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരമനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും മാതാവിന്റെമൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു.
അധികം താമസിയാതെ മഹ്ബൂലയിൽ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനെയും അക്രമി കുത്തിവീഴ്ത്തി. സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിലും മറ്റുമുള്ളവർ കാൺകെയായിരുന്നു കൊലപാതകം. തുടർന്ന് പൊലീസുകാരന്റെ തോക്കും കൈക്കലാക്കി ഇയാൾ വാഹനത്തിൽ രക്ഷപ്പെട്ടു.
രണ്ട് സംഭവങ്ങളിലെയും അക്രമി ഒരാളാണെന്ന് ലഭ്യമായ ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കിയ പൊലീസ് വ്യാപകമായി പരിശോധന നടത്തി. വഫ്രയിൽ കൃഷി മേഖലയിൽസ്ഥലത്ത് കണ്ടെത്തിയ യുവാവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് വെടിയേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ അബ്ദുൽ അസീസ് അൽ റഷീദിയുടെ വിയോഗത്തിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അനുശോചിച്ചു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ എടുത്താൽ ഇഖാമ നിയമലംഘകർ ഉൾപ്പെടെ പ്രതിസന്ധിയിലാകും. കുവൈത്തിലെ സിറിയൻ സമൂഹവും സംഭവത്തോടെ ആശങ്കയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല