1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2022

സ്വന്തം ലേഖകൻ: ഇന്ദ്രപ്രസ്ഥത്തില്‍, റെയ്സിന കുന്നിലെ മഹാമന്ദിരത്തിലെ രാഷ്ട്രപതിക്കസേരയില്‍ ഇനി പുതിയൊരു വനിത- ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍, ഗോത്രവിഭാഗത്തില്‍ നിന്നുമൊരാള്‍ രാജ്യത്തിന്റെ ശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്നു. പ്രതിഭാ പാട്ടീലിനുശേഷം രാഷ്ട്രപതി കസേരയിലെത്തുന്ന വനിത. ഇവിടംകൊണ്ട് തീരുന്നില്ല ദ്രൗപദി മുര്‍മുവിന്റെ വിശേഷണങ്ങള്‍.

1958-ല്‍ ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ മയൂര്‍ഭഞ്ചില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിക്കസേരവരെയെത്താന്‍ ദ്രൗപദി മുര്‍മുവിന് താണ്ടേണ്ടിവന്ന ദൂരം ചെറുതല്ല. മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. മയൂര്‍ഭഞ്ജ് അന്ന് വികസനം എത്തിനോക്കാത്ത ഒരു ജില്ലയായിരുന്നു. ആദിവാസി ഗോത്ര കുടുംബത്തില്‍ ജനിച്ച ദ്രൗപദിക്ക് ആദ്യം പൊരുതേണ്ടിവന്നത് പട്ടിണിയോടായിരുന്നു. അച്ഛനും മുത്തച്ഛനും ഗ്രാമമുഖ്യന്മാർ ആയിരുന്നെങ്കിലും പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ജീവിതം.

ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ അവര്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1997-ല്‍ റായ്‌റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചു. റായ്‌റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി.

2000-ല്‍ നിയമസഭയിലെത്തിയ ദ്രൗപദി, ബി.ജെ.പി.-ബി.ജെ.ഡി. കൂട്ടുകക്ഷി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.

ഒരുവശത്ത് രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു വശത്ത് സ്വകാര്യ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമാണ് ദ്രൗപദിക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്റേയും രണ്ട് ആണ്‍മക്കളുടേയും മരണത്തിന് അവര്‍ക്ക് സാക്ഷിയാകേണ്ടിവന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗം.

ഇതിന്റെ സങ്കടം മാറുന്നതിന് മുമ്പ് മൂത്ത മകന്‍ ലക്ഷ്മണിനേയും ദ്രൗപദിക്ക് നഷ്ടമായി. 2009-ലായിരുന്നു ഈ മരണം. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലക്ഷ്മണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ 2012-ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും മരണം കവര്‍ന്നെടുത്തു.

ഇതിശ്രീ എന്നു പേരുള്ള ഒരു മകള്‍ കൂടി ദ്രൗപദിക്കുണ്ട്. യുസിഒ ബാങ്കില്‍ ജോലി ചെയ്യുന്ന ഇവര്‍ ഭര്‍ത്താവും ഗോള്‍ഫ് താരവുമായ ഗണേഷ് ഹെംബ്രാമിനും മകള്‍ക്കുമൊപ്പം ഭുവനേശ്വറിലാണ് താമസം.

ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ സന്ദർശിച്ചു. ഡൽഹിയിലെ മുർമുവിന്റെ വസതിയിൽ എത്തിയ ഇവർ തിരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദനം അറിയിച്ചു. പൂച്ചെണ്ടു നൽകിയാണ് മോദി മുർമുവിനെ അഭിനന്ദിച്ചത്. കക്ഷിരാഷ്ട്രീയഭേദമെന്യെ ദ്രൗപദി മുർമുവിനെ പിന്തുണച്ച എല്ലാ എംപിമാർക്കും എംഎൽഎമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

മൂന്നാം റൗണ്ട് വോട്ടണ്ണലിനുശേഷം മുർമുവിന് 50 ശതമാനത്തിലധികം വോട്ടു ലഭിച്ചെന്ന് രാജ്യസഭാ സെക്രട്ടറി പി.സി. മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സന്ദർശനം. അതേസമയം, രാജ്യത്ത് പലയിടങ്ങളിലും ബിജെപി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്. മുർമുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും വിവിധയിടങ്ങളിൽ ഉയർന്നു. ‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.