1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2024

സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ഗവേഷകര്‍ നടത്തിയ സർവേയില്‍ തെളിഞ്ഞത് നിലവില്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ 26 ശതമാനം പേര്‍ മാത്രമെ മറ്റുള്ളവരോട് എന്‍ എച്ച് എസ്സില്‍ ജോലിചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയുള്ളു എന്നാണ്. നാള്‍ക്കുനാള്‍ ജോലിഭാരം വര്‍ദ്ധിച്ചു വരുന്നതും, താരതമ്യേന കുറഞ്ഞ വേതനവുമാണത്രെ ഇതിന് പ്രധാന കാരണം. നഴ്സുമാര്‍ക്കിടയില്‍ ശക്തിപ്രാപിച്ചു വരുന്ന മടുപ്പിന്റെയും നിരാശയുടെയും പ്രതിഫലനമാണ് ഈ റിപ്പോര്‍ട്ട് എന്ന് നഴ്സിംഗ് യൂണിയന്‍ നേതാക്കള്‍ പറയുന്നു.

കോവിഡ് – 19 പ്രതിസന്ധിക്ക് ശേഷം എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ റിട്ടെന്‍ഷന്‍ നിരീക്ഷിക്കുന്ന, യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘമായിരുന്നു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സർവേയുടെ ഫലം പുറത്തു വിട്ടത്. സർവേയുടെ നാലാം പാദത്തില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഗവേഷണത്തിന്റെ ഈ പാദത്തിന്റെ ഭാഗമായി നഴ്സുമാര്‍ ഉള്‍പ്പടെ എന്‍ എച്ച് എസ്സിലെ 1500 ജീവനക്കാര്‍ക്കിടയിലായിരുന്നു യു ഗവ് സർവേ നടത്തിയത്.

സർവേയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത, ഏതാണ്ട് പകുതിയോളം (47 ശതമാനം) മുന്‍നിര ജീവനക്കാര്‍, എന്‍ എച്ച് എസ്സിന് പുറത്ത് ഒരു ജോലിക്കായി ശ്രമിക്കുന്നു എന്നാണ്. അതില്‍ ഏതാണ്ട് 14 ശതമാനം പേര്‍ എന്‍ എച്ച് എസ്സിന് പുറത്ത് ഒന്നോ അതിലധികമോ ജോലികള്‍ക്കായി അപേക്ഷിച്ചിട്ടുമുണ്ട്. അങ്ങനെ അപേക്ഷിച്ചവരില്‍ കാല്‍ ഭാഗത്തോളം പേര്‍ (23 ശതമാനം) അപേക്ഷിച്ചിരിക്കുന്നത്, എന്‍ എച്ച് എസ്സിലെ ജോലിക്ക് പുറമേ, ചെയ്യാന്‍ കഴിയുന്ന രണ്ടാം ജോലിക്ക് ആയിട്ടാണ്.

ഒരു മാനസിക ആശുപത്രിയിലെ നഴ്സിംഗ് സപ്പോര്‍ട്ട് അസിസ്റ്റന്റ് പറഞ്ഞത് എന്‍ എച്ച് എസ്സിലെ ശമ്പളത്തിന് പുറമെ ഒരു അധിക വേതനം കൂടി ലഭിക്കുന്നതിനാണ് മറ്റൊരു ജോലിക്കു കൂടി ശ്രമിക്കുന്നത് എന്നായിരുന്നു. അതുപോലെ, എന്‍ എച്ച് എസ്സിന് പുറത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത് കൂടുതല്‍ ഉയര്‍ന്ന ശമ്പളം തന്നെയാണെന്നും സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമങ്ങള്‍ ഉണ്ടെങ്കിലും, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അര്‍ഹത ഉള്ളവര്‍ക്ക് പോലും ഉയര്‍ന്ന ബാന്‍ഡിംഗ് ലഭിക്കാത്തതും പ്രശ്നമാകുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം, ജോലി ഭാരം, ജീവനക്കാരുടെ ക്ഷാമം, കുറഞ്ഞ വേതനം എന്നിവയാണ് ജീവനക്കാര്‍ എന്‍ എച്ച് എസ്സ് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതിനുള്ള നാല് കാരണങ്ങള്‍ എന്ന് പഠനത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണമല്ല പ്രധാന പ്രശ്നം എന്ന് മാനസികാരോഗ്യ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് പറയുന്നു. അക്രമങ്ങള്‍, ആക്രമണോത്സുകത, കുറഞ്ഞ ശമ്പളം, ബ്യൂറോക്രസി, ജീവനക്കാരുടെ ക്ഷാമം തുടങ്ങിയ മറ്റു പലതുമാണ് യഥാര്‍ത്ഥ പ്രശ്നം എന്ന് അവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.