1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2024

സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ പകുതിയോളം ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടുന്നതായി പഠന റിപ്പോര്‍ട്ട്. ബാത്ത് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന 2020 മുതല്‍, എന്‍ എച്ച് എസിന്റെ, ജീവനക്കാരെ സ്ഥാപനത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവ് ഈ പഠനം നടത്തിയവര്‍ വിശകലനം ചെയ്ത് വരികയായിരുന്നു. ഇതില്‍ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ മുന്‍നിര ജീവനക്കാരില്‍ നിന്നുള്ള, തങ്ങള്‍ വൈകാരികമായി ശോഷിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സാക്ഷ്യ പത്രങ്ങളും വരുന്നുണ്ട്.

ഈ ആശങ്ക പരിഹരിക്കുന്നതിനായി തങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജീവനക്കാരോട് എന്‍ എച്ച് എസിനുള്ള പ്രതിബദ്ധത കുറഞ്ഞു വരുന്നതാണ് എന്‍ എച്ച് എസിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തില്‍ ആക്കിയിരിക്കുന്നതെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പറയുന്നു. കോവിഡിന് ശേഷം ആരോഗ്യ മേഖലയിലെ ജീവനക്കാരെ ആ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ സ്വാധീനിക്കുന്നതെന്ത് എന്ന് പഠനം നടത്തുന്നതിനായി എക്കണോമിക് ആന്‍ഡ് റിസര്‍ച്ച് കൗണ്‍സില്‍ ആണ് യൂണിവേഴ്സിറ്റിയെ ചുമതലപ്പെടുത്തിയത്. നാലു വര്‍ഷത്തോളമായി പഠനം തുടരുകയാണ്.

യു ഗവില്‍ നിന്നുള്ള ഡാറ്റയെ ആസ്പദമാക്കിയുള്ള ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്, മാര്‍ച്ച് 2023 നും ജൂണ്‍ 2023 നും ഇടയിലായി, എന്‍ എച്ച് എസ്സിലെ മുന്‍ നിര ജീവനക്കാരില്‍ 47 ശതമാനം പേര്‍ എന്‍ എച്ച് എസിന് പുറത്ത് ജോലിക്കായി ശ്രമിച്ചു എന്നാണ്. അതില്‍, 14 ശതമാനം പേര്‍ എന്‍ എച്ച് എസ് ഇതര ജോലികള്‍ക്കായി അപേക്ഷിക്കുകയും ചെയ്തു. 2020 ല്‍ നടത്തിയ ആദ്യ സര്‍വ്വേയില്‍ കണ്ടെത്തിയതിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്.

മാനസിക സമ്മര്‍ദ്ദം, അമിത ജോലിഭാരം, ജീവനക്കാരുടെ ക്ഷാമം, കുറഞ്ഞ ശമ്പളം എന്നിവയാണ് എന്‍ എച്ച് എസ്സിലെ ജോലി ഉപേക്ഷിക്കുന്ന പ്രധാന കാരണങ്ങളായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ജോലി നോക്കുന്നവരില്‍ കാല്‍ ഭാഗം പേര്‍ എന്‍ എച്ച് എസ് ജോലിക്ക് പുറമെ ഒരു രണ്ടാം തൊഴില്‍ എന്ന നിലയിലാണ് മറ്റ് ജോലികള്‍ നോക്കുന്നത്. വൈകാരിക ശോഷണം സംഭവിക്കുകയാണെന്നും ഓരോ ദിവസത്തെയും ജോലി അവസാനിക്കുന്നത് നിരാശയിലും കണ്ണുനീരിലുമാണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പലരും പറയുന്നു.

ഈ ജോലിയിലേക്ക് വരണമെന്ന് താന്‍ ആരോടും ശുപാര്‍ശ ചെയ്യില്ല എന്നാണ് ഒരു അക്യൂട്ട് കെയര്‍ നഴ്സ് പറഞ്ഞത്. മാത്രമല്ല, പോകാന്‍ കഴിയുന്ന ഏറ്റവും മോശം തൊഴില്‍ മേഖലയാണ് ഇതെന്ന് തന്റെ മകളോട് പറയുകയും ചെയ്യുമെന്നും അവര്‍ പറയുന്നു. തങ്ങള്‍ എത്രമാത്രം നിരാശരാണെന്നത് സര്‍ക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കുന്നില്ല എന്നും അവര്‍ പരാതിപ്പെട്ടു. അതേസമയം, എന്‍ എച്ച് എസ് ജീവനക്കാരെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും, അവരുടെ പരാതികള്‍ ഗൗരവമായി എടുക്കുമെന്നുമായിരുന്നു ആരോഗ്യ വകുപ്പ് വക്താവ് പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.