
സ്വന്തം ലേഖകൻ: അബുദാബിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്‍റൈന്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തി ആരോഗ്യവിഭാഗം. കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും 48 മണിക്കൂര്‍ ഇടവിട്ട് പിസിആര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. ദുബായിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകന്‍ ജോലി നിര്‍ത്തി ഉടന്‍ ക്വാറന്‍റൈനില്‍ പോകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് വാക്‌സിന്‍ എടുത്ത് സുരക്ഷ ഉറപ്പാക്കിയ ആരോഗ്യ പ്രവര്‍ത്തകന് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡ്യൂട്ടിയുടെ ഭാഗമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാലും ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാകാം. അതേസമയം, കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ പോകണം.
യുഎഇ ലൈസന്‍സുള്ള എല്ലാ ആരോഗ്യ വിദഗ്ധര്‍ക്കും 2022 ഡിസംബര്‍ വരെ അബുദാബിയിലെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യാനും അനുമതി നല്‍കി. കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും സേവനം മെച്ചപ്പെടുന്നതിനുമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, വിദേശരാജ്യങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം. സന്ദര്‍ശകര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിബന്ധനയില്ല. അബുദാബി സാംസ്‌കാരിക- ടൂറിസം വകുപ്പാണ് ഇതു സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
എമിറേറ്റിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ അബുദാബിയില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കില്‍ 96 മണിക്കൂറിന് ഇടയിലുള്ള പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണം. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം മതിയാകും.
വിനോദ സഞ്ചാരികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിബന്ധന ബാധകമല്ല. പകരം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കണം. സ്വന്തം രാജ്യത്തെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ പ്രിന്റ് ചെയ്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കി ഒപ്പം കഴിഞ്ഞ 14 ദിവസത്തിനിടെ എടുത്ത കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൂടി ഹാജരാക്കിയാല്‍ മതിയാകും.
സ്വന്തം രാജ്യത്ത് നിന്ന് നടത്തിയ 48 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലമാണ് നല്‍കേണ്ടത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ ആണെങ്കില്‍ 96 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനാ ഫലമാണ് ആവശ്യം. ടൂറിസ്റ്റുകള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി റോഡുകളിലെ ഒരു ലേന്‍ പ്രത്യേകമായി നീക്കി വയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല