1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2022

സ്വന്തം ലേഖകൻ: ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് പിന്നാലെ ഡ്രൈവറില്ലാ എയര്‍ ടാക്‌സികള്‍. ദുബായ് നഗരത്തിന്റെ ആകാശത്ത് ഡ്രൈവറുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് എയര്‍ ടാക്‌സികളില്‍ പറക്കാം. ഇതിനായി ഡ്രോണ്‍ ടാക്‌സികള്‍ സംബന്ധിച്ച നിബന്ധനകള്‍ തയ്യാറാക്കാന്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) പ്രത്യേക അവലോകനം യോഗം ചേര്‍ന്നു.

പറക്കുന്ന എയര്‍ ടാക്‌സികളുടെ പൈലറ്റ്, കണ്‍ട്രോളര്‍, ക്രൂ അംഗങ്ങള്‍ എന്നിവരുടെ ചുമതലകളെ കുറിച്ച് യോഗത്തില്‍ വിലയിരുത്തി. വിമാനങ്ങളെയും മറ്റും ബാധിക്കാത്തവിധം എയര്‍ ഗതാഗത സംവിധാനം ഒട്ടേറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായതിനാല്‍ പല ഘടകങ്ങളും ഇതിനായി പരിഗണിക്കേണ്ടതുണ്ടെന്ന് ആര്‍ടിഎ ലീഗല്‍ വിഭാഗം, സ്ട്രാറ്റജി ആന്റ് കോര്‍പറേറ്റ് ഗവേണന്‍സ് സെക്ടര്‍ ഡയറക്ടര്‍ ഷിഹാബ് ബു ഷിഹാബ് പറഞ്ഞു.

വ്യോമപരിധി, ഉയരം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ചട്ടങ്ങള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ പ്രധാനമായും ഡ്രോണുകളുടെ രജിസ്‌ട്രേഷന്‍, പരിധിയും നിയന്ത്രണവും ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം എന്നീ മൂന്ന് കാര്യങ്ങളാണ് ആദ്യ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള ഡ്രോണുകലാണ് എയര്‍ ടാക്‌സിയായി ഉപയോഗിക്കുന്നത്. പരിധിയില്‍ അധികം ഭാരം കയറ്റുക, മാനദണ്ഡങ്ങള്‍ പാലിക്കാതെ ചരക്ക് സൂക്ഷിക്കുക, അനുമതിയില്ലാതെ സാധനങ്ങള്‍ കയറ്റുക, റോഡുകള്‍ക്ക് കേടുപാട് വരുത്തുക തുടങ്ങിയവയെല്ലാം പരിശോധിക്കും.

ഡ്രോണുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്ത് നമ്പരോ കോഡോ ആര്‍ടിഎ പുറപ്പെടുവിക്കുന്ന അടയാളങ്ങളോ കാണാന്‍ കഴിയുന്ന തരത്തില്‍ രേഖപ്പെടുത്തണം. രജിസ്‌ട്രേഷന് മുമ്പ് ഉപയോഗിക്കുകയോ പരീക്ഷണ ഉറപ്പാക്കല്‍ നടത്തരുത്. ഡ്രോണുകള്‍ പറത്തുമ്പോള്‍ അനുവദിച്ചിട്ടുള്ള പാതകള്‍ വിട്ടുപോകരുത്.

വ്യക്തികള്‍, സിവില്‍- സൈനിക വിമാനങ്ങള്‍, മറ്റ് ഡ്രോണുകള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ നിന്നു സുരക്ഷിത അകലം നിലനിര്‍ത്തണം. വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനമില്ല. വ്യക്തികളുടെ സ്വകാര്യത മാനിക്കുകയും ചിത്രങ്ങള്‍ പകര്‍ത്താതിരിക്കുകയും ചെയ്യണം. കൂടാതെ എവിടേയ്‌ക്കെല്ലാം സഞ്ചരിക്കാമെന്നതിന് ഇലക്ട്രോണിക് മാപ്പ് തയ്യാറാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.