
സ്വന്തം ലേഖകൻ: സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള കർമപരിപാടികൾക്കു തുടക്കം. സൈക്കിൾ യാത്രക്കാർക്കുള്ള സമഗ്ര ഗതാഗത നിയമാവലിക്കു രൂപം നൽകാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കായികരംഗത്തടക്കം സൈക്ലിങ്ങിനു പ്രധാന്യം നൽകും. കൂടുതൽ സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കും.
സൈക്കിൾ സാവാരി ജീവിതശൈലിയാക്കി മാറ്റാനുള്ള ഇന്നവേഷൻ ലാബിന് ജുമൈറ സൈക്കിൾ ഹബിൽ തുടക്കം കുറിച്ചു. ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഉദ്ഘാടനം ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ, സുപ്രീം ലജിസ്‍ലേഷൻ കമ്മിറ്റി, ആർടിഎ, ദുബായ് സ്പോർട്സ് കൗൺസിൽ, ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ്, എമിറേറ്റ്സ് സൈക്ലിങ് ഫെഡറേഷൻ, മുനിസിപ്പാലിറ്റി, പൊലീസ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ സൈക്കിൾ പദ്ധതി. 2023 ആകുമ്പോഴേക്കും ദുബായിൽ 631.7 കിലോമീറ്റർ സൈക്കിൾ ട്രാക്ക് പൂർത്തിയാക്കും.
നടപടികൾ ഏകോപിപ്പിക്കാൻ ടാസ്ക് ഫോഴ്സ് രൂപം നൽകും. പുതിയ ട്രാക്കുകൾ, മുൻകരുതലുകൾ തുടങ്ങിയവയെക്കുറിച്ച് രൂപരേഖ തയാറാക്കും. സൈക്കിൾ ഗതാഗതം സംബന്ധിച്ച സമഗ്ര നിയമാവലിക്കു രൂപം നൽകും. സ്പോർട്സ് സൈക്കിൾ, കാർഗോ സൈക്കിൾ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും. സൈക്കിളുകൾ വാടകയ്ക്കെടുക്കാനുള്ള സംവിധാനങ്ങൾ വിപുലമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല