1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2021

സ്വന്തം ലേഖകൻ: മലയാളികളടക്കം 17 പേർ മരിക്കാനിടയായ ദുബായ് ബസ്സപകടത്തിൽ ഒമാൻ സ്വദേശി ബസ് ഡ്രൈവറുടെ തടവുശിക്ഷ ദുബായ് അപ്പീൽകോടതി കുറച്ചു. 55 വയസ്സുള്ള ഡ്രൈവറുടെ ശിക്ഷാകാലാവധി ഏഴ് വർഷത്തിൽനിന്ന് ഒരുവർഷമാക്കിയാണ് അപ്പീൽകോടതി കുറച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിച്ചിട്ടുണ്ട്.

50,000 ദിർഹം പിഴയടയ്ക്കുന്നതിന് പുറമെ 34 ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക മരിച്ചവരുടെ ആശ്രിതർക്ക് നൽകണമെന്ന ട്രാഫിക് കോടതിവിധിയിൽ മാറ്റമില്ല. 2019 ജൂലായിലായിരുന്നു ഡ്രൈവർക്ക് ദുബായ് ട്രാഫിക് കോടതി ഏഴുവർഷം തടവും പിഴയും വിധിച്ചത്. ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.

എട്ട് മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർ, രണ്ട് പാകിസ്താനികൾ, അയർലൻഡ്, ഒമാൻ, ഫിലിപ്പീൻസ് സ്വദേശികൾ ഓരോരുത്തർ വീതവുമാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2019 ജൂൺ ആറിന് മസ്‌കറ്റിൽനിന്ന് ദുബായിലേക്ക് 31 പേരുമായിവന്ന മുവാസലാത്ത് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ദുബായ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ട്രാഫിക് സൈൻ ബോർഡിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. 15 പേർ തത്ക്ഷണം മരിച്ചു. പെരുന്നാൾ അവധിയാഘോഷിക്കാൻ മസ്‌കറ്റിലേക്ക് പോയി തിരിച്ചുവരുന്നവരായിരുന്നു ബസിലെ യാത്രക്കാരിലേറെയും.

റാഷിദിയ മെട്രോ സ്റ്റേഷനടുത്തെ എക്സിറ്റിലെ ദിശാബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. വലിയ വാഹനങ്ങൾ ഈ റോഡിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള അറിയിപ്പു ബോർഡാണിത്. വെയിലു കാരണം ദിശാ ബോർഡ് ശ്രദ്ധയിൽപെട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ പ്രാഥമിക മൊഴിയിലുണ്ടായിരുന്നത്.

പിന്നീട് അപകടത്തിന് കാരണം സ്വന്തം പിഴവു തന്നെയാണെന്ന് ഡ്രൈവർ സമ്മതിച്ചു. ജി.സി.സി. മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ സ്ഥാപിച്ച സ്റ്റീൽ തൂണാണ് അപകടമുണ്ടാക്കിയതെന്ന് ഡ്രൈവറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ നൽകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.