1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2020

സ്വന്തം ലേഖകൻ: ആവശ്യപ്പെട്ടാൽ ഇനി ബസും അരികിലെത്തുന്ന പുതിയ സർവിസിനു ആർടിഎ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ നാല് മേഖലകളിൽ നിന്നും സൗജന്യമായാണ് യാത്രക്കാരെ കൊണ്ടുപോവുക. ദുബായ് അക്കാഡമി സിറ്റി, റോള, സിലിക്കൺ ഒയാസിസ്, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ ജനസാന്ദ്ര മേഖലകളിലേക്കാണ് പുതിയ മിനി ബസ് സർവിസെന്ന് ആർടിഎ പൊതുഗതാഗത വകുപ്പ് ആസൂത്രണ, വികസന വകുപ്പ് തലവൻ ആദിൽ ശാക്കിരി അറിയിച്ചു.

ഒരു മാസം ബസ് സേവനം സൗജന്യമായിരിക്കും. പിന്നീട് ആറുമാസം നിരക്കിൽ 30 ശതമാനം വരെ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് അഞ്ച് ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ആനന്ദകരമായ യാത്ര സമ്മാനിക്കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് ആദിൽ സൂചിപ്പിച്ചു.

താമസയിടങ്ങളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ സമീപത്തുള്ള മെട്രോ, ബസ് സ്റ്റേഷനുകളിൽ നിന്നോ യാത്രക്കാരെ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ആർടിഎ ആപ്പ് വഴിയാണ് ബസ് സർവിസ് ആവശ്യപ്പെടേണ്ടത്. ഇരിപ്പിടം, ടിക്കറ്റ് നിരക്ക്, ബസ് ഇറങ്ങേണ്ട സ്ഥലത്ത് എത്തുന്ന സമയം ഇതെല്ലാം യാത്രയ്ക്ക് മുൻകൂട്ടി തന്നെ ആപ്പ് വഴി അറിയാനാകും.

യുനൈറ്റഡ് ട്രാൻസ് വയാ കമ്പനിയുമായി സഹകരിച്ചാണ് സൗജന്യ യാത്രാ സംവിധാനം ആരംഭിച്ചതെന്ന് ശാക്കിരി പറഞ്ഞു. 2018 മുതൽ പല പ്രദേശങ്ങളിലും പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വിജയമായതിനെ തുടർന്നാണ് ആർടിഎ ഇതു യാഥാർഥ്യമാക്കിയത്. പൊതുഗതാഗത യാത്രയ്ക്ക് പൊതുജനങ്ങളെ പ്രചോദിപ്പിക്കുന്നതിനു യാത്രക്കാർക്ക് സമ്മാനങ്ങളും ആർടിഎ നൽകുന്നുണ്ട്. ഞായർ മുതൽ നവംബർ ഒന്നുവരെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.