1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2024

സ്വന്തം ലേഖകൻ: ദുബായില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഓഫീസ് ഉടന്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ‘അഹ്ലന്‍ മോദി’ സ്വീകരണ പരിപാടിയില്‍ യുഎഇയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎഇ സ്‌കൂളുകളില്‍ പഠിക്കുന്നതിനാല്‍ ഇവിടെ സിബിഎസ്ഇ ഓഫീസ് ആരംഭിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അബുദാബിയിലെ ഡല്‍ഹി ഐഐടി ഓഫ് കാമ്പസില്‍ മാസ്റ്റര്‍ കോഴ്‌സ് ആരംഭിച്ചു. പുതിയ സിബിഎസ്ഇ ഓഫീസ് കൂടി ഉടന്‍ തുറക്കുന്നതോടെ ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിന് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് ഈ സ്ഥാപനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്‌കാരിക ബന്ധവും മോദി പരാമര്‍ശിച്ചു. ഭാരതത്തിലെയും യുഎഇയിലെയും ഭാഷകളില്‍ സാദൃശ്യമുണ്ട്. ഭാഷാപരമായ അടുപ്പത്തെ അഭിനന്ദിച്ച അദ്ദേഹം ഇരു രാജ്യങ്ങളുടെയും സാംസ്‌കാരികവും സാമൂഹികവുമായ നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പദമേറ്റെടുത്തതിന് തൊട്ടുപിന്നാലെ 2015ല്‍ യുഎഇയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനവും അദ്ദേഹം അനുസ്മരിച്ചു.

മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെആദ്യ സന്ദര്‍ശനമായിരുന്നു അത്. ഇപ്പോള്‍ രാഷ്ട്രപതിയായ കിരീടാവകാശിയും അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരും എയര്‍പോര്‍ട്ടില്‍ ഊഷ്മളമായി സ്വീകരിച്ചപ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കുന്നതുപോലുള്ള ബന്ധുത്വബോധം അനുഭവപ്പെട്ടുവെന്നും മോദി പറഞ്ഞു.

ലോക വേദിയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. ഇന്ന് ലോകം ഇന്ത്യയെ ഒരു ‘വിശ്വ ബന്ധു’ ആയിട്ടാണ് പരിഗണിക്കുന്നത്. എവിടെ പ്രതിസന്ധികള്‍ ഉണ്ടായാലും ആദ്യം ശ്രദ്ധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്നത്തെ ശക്തമായ ഇന്ത്യ ഓരോ ചുവടിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു- മോദി പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളെ താന്‍ കാണാനെത്തിയത് അവര്‍ ജനിച്ച മണ്ണിന്റെ പരിമളവുമായാണെന്നും ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഐടി ഡല്‍ഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിക്കുകയും രണ്ട് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പദ്ധതിയെ അഭിനന്ദിക്കുകയും ചെയ്തു. ഇത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും ഇത് പ്രോത്സാഹിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.