
സ്വന്തം ലേഖകൻ: ദുബായിൽ കൊവിഡ് പരിശോധനയ്ക്കുള്ള (പിസിആർ ടെസ്റ്റ്) നിരക്ക് 150 ദിർഹമായി കുറച്ചു. സർക്കാർ ആശുപത്രികളിലാണിത്. സ്വകാര്യ ക്ലിനിക്കുകളിൽ പരമാവധി 250 ദിർഹം ആയിരിക്കുമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി.ഇതുവരെ പൊതു-സ്വകാര്യ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. 370 ദിർഹം ആയിരുന്നതു കഴിഞ്ഞ 13നാണ് 250 ദിർഹമാക്കിയത്.
ഹെൽത്ത് അതോറിറ്റി, ദുബായ് മെഡിക്കൽ സിറ്റി എന്നിവയ്ക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പുതിയ നിരക്ക് ആയിരിക്കും. കൂടുതൽ ഈടാക്കിയാൽ നടപടി സ്വീകരിക്കും. പ്രത്യേക അനുമതിയില്ലാത്ത ഒരു സ്ഥാപനവും കൊവിഡ് പരിശോധന നടത്തുകയോ അതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുകയോ അരുത്. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുമ്പോഴടക്കം ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കി.
ദുബായിൽ കൊവിഡ് പരിശോധനയ്ക്കു 3 കേന്ദ്രങ്ങൾ കൂടി തുറന്നു. അൽ റാഷിദിയ മജ് ലിസ്, അൽ ഹംറിയ പോർട് മജ് ലിസ്, ജുമൈറ 1 പോർട് മജ് ലിസ് എന്നിവിടങ്ങളിലാണ് പിസിആർ ടെസ്റ്റിന് സൗകര്യമൊരുങ്ങിയത്. പുതിയ കേന്ദ്രങ്ങളിൽ പ്രതിദിനം 1,650 പേർക്കു പരിശോധന നടത്താമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ.ഫരീദ അൽ ഖാജ പറഞ്ഞു. ഒരു കേന്ദ്രത്തിൽ 550 വീതം. ഇതോടെ ദുബായിലെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 5 ആയി. ഷബാബ് അൽ അഹ് ലി, അൽ നാസർ ക്ലബ് എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല