
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം തുടക്കം മുതൽ ദുബായിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ റമസാൻ വരെ തുടരും. ഇതോടെ പബ്ബുകളും ബാറുകളും അടച്ചിടുക, റസ്റ്ററന്റുകളും കഫെകളും പുലർച്ചെ ഒരു മണി വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70% പേർ, സിനിമാ തിയറ്റർ, വിനോദ കേന്ദ്രങ്ങൾ, കായിക വേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ 50% പേര്‍ എന്നീ നിയന്ത്രണങ്ങൾ ഏപ്രിൽ പകുതി വരെ തുടരുമെന്ന് ഉ റപ്പായി.
ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തലവനായ ദുബായ് അടിയന്തര ദുരന്ത നിവാരണ സുപ്രീം കമ്മിറ്റിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണം തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണു കൊവിഡ് മുൻനിര പോരാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്നു ലഭിച്ച റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നതെന്നും സമിതി വ്യക്തമാക്കി.
അതിനിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളിൽ ശക്തമായി തുടരുകയാണ്. നിയമ ലംഘകർക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു വരുന്നു. ദുബായ് സാമ്പത്തിക വകുപ്പിലെ കമേഴ്സ്യൽ കോംപ്ലെയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം എമിറേറ്റിൽ പരിശോധനകൾ ശക്തമായി തുടരുന്നതായി അറിയിച്ചു.
കൊവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശമുണ്ട്. ഇല്ലെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രയത്നം പാഴാകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.
ഷാർജയിൽ മാർച്ച് 25വരെ ഇ-ലേണിങ്
വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഷാർജയിലെ സ്കൂളുകളിൽ ഇ–ലേണിങ് മാർച്ച് 25 വരെ നീട്ടി. ഷാർജ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച വരെ ഇ–ലേണിങ് എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഇനി അടുത്ത അധ്യയന വർഷമേ സ്കൂളിലെത്താനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല