
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിപണിക്ക് ഉണർവേകാൻ 500 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് ആയിരം കോടിയിലേറെ രൂപ) പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് ദുബായ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്തെ നാലാമത്തെ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചത്. 13,000 കോടിയിലധികം രൂപയാണ് സാമ്പത്തിക അസ്ഥിരത മറികടക്കാൻ ദുബായ് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.
മാർച്ച് 12 ന് 1.5 ബില്യൺ ദിർഹത്തിന്റേയും മാർച്ച് 29 ന് 3.3 ബില്യൺ ദിർഹത്തിന്റേയും ജൂലൈ 11 ന് 1.1 ബില്യണിന്റേയും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതിന് ശേഷമാണ് നാലാമത്തെ പ്രഖ്യാപനം. 6.8 ബില്യൻ ദിർഹത്തിന്റെ പാക്കേജുകളാണ് ഇതുവരെ ദുബായ് സർക്കാർ വിപണിയെ സജീവമാക്കാൻ പ്രഖ്യാപിച്ചത്.
വിവിധ മേഖലകളിൽ ഫീസ് നിരക്കിലും വാടകയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ നിരവധി വ്യവസായ മേഖലകളിൽ വലിയ വെല്ലുവിളിയാണ് മഹാമാരി കാരണമുണ്ടായത്. പ്രാദേശികമായി ഇത്തരം വെല്ലുവിളികളെ മറികടന്ന് സാമ്പത്തിക വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയുമാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല