1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2021

സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ 2020യിലേയ്ക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാൾക്ക് 95 ദിർഹമാണ് (2000 രൂപയോളം) നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന് 495 ദിർഹ (10,000 ത്തോളം രൂപ)മാണ് നൽകേണ്ടത്. 18 വയസിന് താഴെയുള്ളവർക്കും വൈകല്യമുള്ളവർക്കും പ്രവേശനം സൗജന്യമാണ്.

ഇവരെ അനുഗമിക്കുന്നവർക്ക് പ്രവേശനനിരക്കിൽ 50% ഇളവും നൽകും. ഒന്നിലേറെ തവണ സന്ദർശിക്കുന്നതിന് 195 ദിർഹമിന്റെ മൾടി– എൻട്രി പാസും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസമായ ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ മെഗാ ഇവന്റ് നടത്തുമെന്നും അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020ക്ക് 100 ദിവസം മുൻപ് കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു. മഹാമാരിയുടെ തുടക്കം മുതലുള്ള ഏറ്റവും വലിയ ആഗോള സംഭവമായ എക്സ്പോ 2020യ്ക്ക് വേണ്ടി 192 രാജ്യങ്ങൾ ദുബായിൽ സംഗമിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇത് പുതിയൊരു വീണ്ടെടുക്കൽ ഘട്ടത്തിലേക്കുള്ള പ്രവേശനമാണ്. അരലക്ഷം ജീവനക്കാർ ചേർന്ന് 192 പവലിയനുകൾ യാഥാർഥ്യമാക്കിക്കഴിഞ്ഞു. 30,000 സന്നദ്ധപ്രവർത്തകർ ലോകത്തെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുന്നു. എക്സ്പോ 2020 ദുബായ് ലോകത്തിലെ ഏറ്റവും വലുതും സമന്വയിപ്പിച്ചതുമായ സാംസ്കാരിക, വിജ്ഞാന കൈമാറ്റത്തിന് ഇടം നൽകും.

കോവിഡ് -19 കാലഘട്ടത്തിനു ശേഷമുള്ള പ്രധാന സാമ്പത്തിക, വികസന, സാംസ്കാരിക പ്രവണതകൾക്ക് വഴിയൊരുക്കും. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിക്ക് ആതിഥേയത്വം ഒരുക്കുന്നതിലെ തങ്ങളുടെ വിജയം പകർച്ചവ്യാധിയെ മറികടക്കുന്നതിനുള്ള മനുഷ്യ ഐക്യദാർഢ്യത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ expo2020dubai.com. സന്ദര്‍ശിച്ചാല്‍ മതിയാകും. വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എക്സ്പോ (Expo 2020 Dubai) അധികൃതര്‍ നിരക്ക് സംബന്ധിച്ച വിവരം അറിയിച്ചത്. മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് ഇൗ വർഷം ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ ദുബായിൽ നടക്കുക.

അതിനിടെ കൗണ്ട്ഡൗൺ കുറിച്ചുകൊണ്ട് ഫുട്‌ബോൾ ഇതിഹാസതാരം ലയണൽ മെസ്സി ഫുട്‌ബോൾ തൊടുത്തുവിടുന്ന മനോഹര വീഡിയോ പുറത്തിറങ്ങി. എക്സ്‌പോ തുടങ്ങാൻ ഇനി വെറും മൂന്നു മാസങ്ങൾ മാത്രം എന്നോർമപ്പെടുത്തുന്നതാണ് വീഡിയോ. എക്സ്‌പോയുടെ മുഖ്യ വേദിയായ അൽ വാസലിന് പുറത്തുനിന്ന് പന്ത് തട്ടി മുകളിലൂടെ ഉള്ളിലേക്ക് തെറിക്കുന്ന വീഡിയോയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തിറങ്ങിയത്.

ലക്ഷ്യത്തിലേക്കുള്ള കുതിപ്പിനെ പ്രതീകാത്മകമായി സൂചിപ്പിച്ചാണ് ആവേശം തുടിക്കുന്ന വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. അറബ് ലോകം കണ്ട ഏറ്റവും വലിയ എക്‌സ്‌പോ 2020 ദുബായ്, മൂന്ന് മാസത്തെ കൗണ്ട്ഡൗൺ ആരംഭിക്കുന്നുവെന്ന് സംഘാടകർ വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.