1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2021

സ്വന്തം ലേഖകൻ: ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ദുബായ് എക്‌സ്‌പോ 2020ന് സ്വപ്‌നതുല്യമായ തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്, അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി 7.30ന് അല്‍ വസല്‍ പ്ലാസയിലെ ഉദ്ഘാടന വേദി കലാ, സംഗീത പ്രകടനങ്ങളുടെ അവിശ്വസനീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വേദിക്കു മുമ്പില്‍ ആഹ്ലാദത്തിന്റെ അലകള്‍ സൃഷ്ടിക്കാന്‍ പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നില്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 430 സ്‌ക്രീനുകളിലൂടെ തല്‍സമയ സംപ്രേഷണം ചെയ്ത ഉദ്ഘാടനച്ചടങ്ങ് ജനലക്ഷങ്ങള്‍ ആവേശപൂര്‍വം ആസ്വദിച്ചു. ഇതിനായി രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ടുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, പ്രധാന കെട്ടിടങ്ങള്‍ മുതലായ ഇടങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. അതിനു പുറമെ, https://virtualexpo.world/, http://www.expo2020.com എന്നീ ലിങ്കുകള്‍ വഴി ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നുള്ളവരും ലൈവായി ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷികളായി.

ഉദ്ഘാനടത്തോട് അനുബന്ധിച്ച് ഒരുക്കിയ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം സംഘാടകര്‍ അവകാശപ്പെട്ടതു പോലെ എക്‌സ്‌പോ ഉദ്ഘാടനം ഒരു ബിംഗ് ബാംഗ് ആയി മാറി. ഇതോടെ എട്ട് വര്‍ഷം നീണ്ട ഒരുക്കങ്ങളുടെ പൂര്‍ത്തീകരണത്തിന് ഉജ്വലമായ തുടക്കം നല്‍കാനായതിന്റെ നിര്‍വൃതിയിലാണ് യുഎഇ ഭരണാധികാരികളും ജനങ്ങളും. യുഎഇ ഗായകനും നടനുമായ റാശിദ് അല്‍ നുഐമിയുടെ ദേശീയ ഗാനാലാപനത്തോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് യുഎഇയുടെ ദേശീയ പതാകയെ പ്രതിനിധീകരിച്ച് ചുവപ്പും പച്ചയും വെള്ളയും നിറത്തിലുള്ള കരിമരുന്ന് പ്രയോഗം കറുത്ത ആകാശത്ത് നിറങ്ങളുടെ നൃത്തം തീര്‍ത്തു.

പിന്നെ യുഎഇ സൂപ്പര്‍താരം എക്‌സ്‌പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മിയുടെ ഊഴമായിരുന്നു. വിസ്മയകരമായ പ്രകടനത്തിലൂടെ ദുബായ് എക്‌സ്‌പോയുടെ ലോഗോയുടെ രഹസ്യത്തിന്റെ ചുരുളഴിച്ചു അദ്ദേഹം. യുഎഇയുടെയും എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളുടെയും പതാകകളുടെ പ്രദര്‍ശനത്തിന് പിന്നാലെ, ഗ്രാമി ജോതാവ് ആന്‍ജെലിക് കിഡ്‌ജോയുടെയും സൗദി ഗായകന്‍ മുഹമ്മദ് അബ്ദുവിന്റെ മാസ്മരിക പ്രകടനം ലോകത്തെമ്പാടുമുള്ള കാണികളെ വിരുന്നൂട്ടി.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഉദ്ഘാടന മാമാങ്കത്തില്‍ ഓപറ ഗായകന്‍ ആന്‍ഡ്രിയ ബൊസെല്ലി, ഗോള്‍ഡന്‍ ഗ്ലോബ് നേടിയ നടിയും ഗായികയുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് പോപ് സ്റ്റാര്‍ എല്ലീ ഗൗള്‍ഡിംഗ്, ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ്, ഇന്ത്യയുടെ ഓസ്‌കാര്‍ താരം എ ആര്‍ റഹ്‌മാന്‍, പ്രാദേശിക കലാകാരന്മാരായ അഹ്ലാം അല്‍ ഷംസി, ഗായിക അല്‍മാസ്, ഗ്രാമി അവാര്‍ഡിന് നിര്‍ദ്ദേശിക്കപ്പെട്ട ലബനീസ് – അമേരിക്കന്‍ ഗായിക മൈസ കാര എന്നിവരും വിവിധ കലാ, സംഗീത, നൃത്തപ്രകടനങ്ങളിലൂടെ ലോകത്തെ പുളകമണിച്ചു. ഇനിയുള്ള 182 ദിവസങ്ങള്‍ ലോകം ദുബായിലേക്ക് ചുരുങ്ങുന്നതിന്റെ പ്രഖ്യാപനമായിരുന്നു ഉദ്ഘാടനച്ചടങ്ങിലൂടെ ഇതള്‍വിരിഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദര്‍ശനമായ ദുബായ് എക്സ്പോയില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ 192 എക്സ്പോ പവലിയനുകള്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കാനായി അല്‍ഭുതക്കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ്. കലയും സംസ്‌ക്കാരവും ശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാം ഒരിടത്ത് ഒത്തുചേരുന്ന ദുബായ് എക്സ്പോ ചരിത്ര സംഭവമാകുമെന്നുള്ളതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഉദ്ഘാടനച്ചടങ്ങിലൂടെ ലോകം കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.