1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: ദുബായ് എക്‌സ്പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബര്‍ ഒന്നിനാണ് തിരിതെളിയുക. കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാദ്ഭുതവേദികള്‍. ഏതാണ്ട് എല്ലാ രാജ്യങ്ങളും പവിലിയനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

170 വര്‍ഷത്തെ ലോക എക്‌സ്പോയുടെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. 2022 മാര്‍ച്ച് 31 വരെ നടക്കുന്ന എക്‌സ്പോയിലേക്ക് രണ്ട് കോടിയിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 60 തത്സമയ സാംസ്‌കാരിക പരിപാടികള്‍ വേദിയിലുണ്ടാകും.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്പോസിഷന്‍സിന്റെ മേല്‍നോട്ടത്തില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ലോക എക്‌സ്പോ നടക്കുന്നത്. 2013-ല്‍ യെക്കാറ്റരിന്‍ബര്‍ഗ് (റഷ്യ), ഇസ്മിര്‍ (തുര്‍ക്കി), സാവോപോളോ (ബ്രസീല്‍) എന്നിവയോട് മത്സരിച്ചാണ് ദുബായ് എക്‌സ്പോ 2020 നടത്താനുള്ള അവകാശം നേടിയെടുക്കുന്നത്.

2010-ലെ ലോക എക്‌സ്പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു. ഷാങ്ഹായിയെ മാത്രമല്ല ചൈനയെവരെ മാറ്റിമറിച്ച മേളയായിരുന്നു അത്. വ്യവസായങ്ങള്‍ മാത്രമുണ്ടായിരുന്ന നഗരം എക്‌സ്പോയ്ക്കുശേഷം സാംസ്‌കാരിക വാണിജ്യനഗരമായി മാറി. ചൈനയുടെ ഷെയര്‍ മാര്‍ക്കറ്റുവരെ മൂന്നുമടങ്ങ് വര്‍ധിച്ചു. ചൈനയോട് ഏറെ സൗഹൃദംപുലര്‍ത്തുന്ന രാജ്യം കൂടിയാണ് യു.എ.ഇ.

ലോകമേള കോടിക്കണക്കിന് സന്ദർശകരെയാണ് ദുബായിലേക്ക് ആകർഷിക്കുക. ലോകം ദുബായിലേക്ക് ഒഴുക്ക് തുടങ്ങുന്നതോടെ വ്യവസായ മേഖലകളെല്ലാം കൂടുതൽ ഉഷാറാകും. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയെ പ്രത്യേകിച്ചും ട്രാവൽ ടൂറിസം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ , ഇവന്റുകൾ, എക്‌സിബിഷൻ, ടെക്‌നോളജി, സോഫ്റ്റ് വെയർ കൺസൾട്ടൻസി, മാർക്കറ്റിങ്, മീഡിയ, എൻജിനീയറിങ്, സെക്യൂരിറ്റി, ലോജിസ്റ്റിക്‌സ്, ഹെൽത്ത് ആൻഡ് സേഫ്റ്റി, ധനകാര്യം, ഹോസ്പിറ്റാലിറ്റി തുടങ്ങി എല്ലാ മേഖലകളിലും പ്രതിഫലനമുണ്ടാകും.

എക്സ്‌പോ 2020 ദുബായിൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപുതന്നെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്ന് മാസത്തിനുള്ളിലാണ് തൊഴിലവസരങ്ങളിൽ ഏറെയും ഉണ്ടാവുകയെന്ന് എച്ച്.ആർ കൺസൾട്ടൻസികളും വ്യവസായ വിദഗ്ധരും വിലയിരുത്തുന്നു. റിയൽ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ടെക്‌നോളജി എന്നിവയിൽ ദുബായ് ഇതിനകം തന്നെ ഒരു ബിസിനസ് ഹബ്ബായതിനാൽ എക്‌സ്‌പോ ആകുന്നതോടെ മേഖലകൾ കൂടുതൽ ശക്തമാകും.

നിരവധി അന്താരാഷ്ട്ര യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി ദുബായ് മാറാൻ സാധ്യതയേറും. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും ടൂർ ഓപ്പറേറ്റർമാരും എക്‌സ്‌പോക്ക് മുൻപായി തന്നെ പല തസ്തികകളിലേക്കും നിയമനം തുടങ്ങിയിട്ടുണ്ട്. ധാരാളം ബിസിനസ് കോൺഫറൻസുകളും, വിനോദപരിപാടികളും ഈ വർഷം വേനൽക്കാലം അവസാനിക്കുന്നതിന് മുൻപായി നടക്കുമെന്നാണ് ഈ മേഖലകളിലുള്ളവരുടെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.