
സ്വന്തം ലേഖകൻ: ലോക എക്സ്‌പോ 2020 ദുബായ് ഭാവി തലമുറയ്ക്കുള്ള അവസരങ്ങളുടെ ആഗോളവേദിയാകുമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ലോക എക്സ്‌പോ വേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. എക്സ്‌പോ 2020 ദുബായ് ഉന്നത സമിതി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, അന്താരാഷ്ട്ര സഹകരണമന്ത്രിയും എക്സ്‌പോ 2020 ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിന്ത് ഇബ്രാഹീം അൽ ഹാഷ്മി, വ്യവസായ നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
യു.എ.ഇ. എല്ലായ്‌പ്പോഴും അവസരങ്ങളുടെ നാടായിരിക്കും. സഹിഷ്ണുത, സഹവർത്തിത്വം, സാംസ്കാരിക വൈവിധ്യം, വിജ്ഞാനം എന്നിവയുടെ കേന്ദ്രവുമായിരിക്കും. മഹാമേളയിലൂടെയും 2022 മുതൽ 23 വരെയുള്ള യു.എൻ. സുരക്ഷാ കൗൺസിലിലെ അംഗത്വത്തിലൂടെയും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും രാജ്യങ്ങളുമായും ബഹുരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് അന്താരാഷ്ട്ര സ്ഥിരത, വികസനം എന്നിവ നിലനിർത്താനുമാണ് ലക്ഷ്യം.
കൂടാതെ കോവിഡ് മഹാമാരിയിൽനിന്നും കരകയറാനുള്ള പ്രക്രിയ ത്വരപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെറ സുസ്ഥിരതാ പവിലിയനിൽ എത്തിയ അദ്ദേഹം സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ടെറയിലെ 4912 സോളാർ പാനലുകൾ, 130 മീറ്റർ വീതിയുള്ള മേലാപ്പ് തുടങ്ങിയവയും നോക്കിക്കണ്ടു.
യു.എ.ഇ. പവിലിയനും അദ്ദേഹം പരിശോധിച്ചു. രാജ്യം 50-ാം വാർഷികം ആഘോഷിക്കുന്നതിനിടെ വേൾഡ് എക്സ്‌പോപോലെ അസാധാരണ പതിപ്പ് സംഘടിപ്പിക്കാൻ വർഷങ്ങളായി പ്രയത്നിച്ച ടീം അംഗങ്ങളെ ശൈഖ് അബ്ദുല്ല പ്രശംസിക്കുകയും ചെയ്തു.
അതിനിടെ എക്സ്പോയിൽ ജോലി വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുതെന്ന് സംഘാടകർ അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. തൊഴിലാളി ക്ഷേമത്തിനു മുൻഗണന നൽകിയാണു എക്സ്പോയുടെ പ്രവർത്തനമെന്നും പണം ഈടാക്കി നിയമനങ്ങൾ നടത്തുന്നില്ലെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല