1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2021

സ്വന്തം ലേഖകൻ: ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020ന് ഇനി 100 ദിവസം മാത്രം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗണ്ട് ഡൗൺ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായ എക്സ്പോ2020 നായി ദുബായിക്ക് ഇനി 100 ദിവസം മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ എന്നാണ് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്.

എക്സ്പോയുടെ ഭാഗമായി 192 രാജ്യങ്ങൾ ദുബായിൽ സംഗമിക്കും. ഇതു പുതിയൊരു വീണ്ടെടുക്കൽ ഘട്ടത്തിലേക്കുള്ള പ്രവേശനമാണ്. അരലക്ഷം ജീവനക്കാർ ചേർന്ന് 192 പവലിയനുകൾ യാഥാർഥ്യമാക്കിക്കഴിഞ്ഞു. 30,000 സന്നദ്ധപ്രവർത്തകർ ലോകത്തെ സ്വാഗതം ചെയ്യാൻ തയാറായി നിൽക്കുന്നു. എക്സ്പോ 2020 ദുബായ് ലോകത്തിലെ ഏറ്റവും വലുതും സമന്വയിപ്പിച്ചതുമായ സാംസ്കാരിക, വിജ്ഞാന കൈമാറ്റത്തിന് ഇടം നൽകും.

കോവിഡ് -19 കാലഘട്ടത്തിനു ശേഷമുള്ള പ്രധാന സാമ്പത്തിക, വികസന, സാംസ്കാരിക പ്രവണതകൾക്ക് വഴിയൊരുക്കും. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിക്ക് ആതിഥേയത്വം ഒരുക്കുന്നതിലെ തങ്ങളുടെ വിജയം പകർച്ചവ്യാധിയെ മറികടക്കുന്നതിനുള്ള മനുഷ്യ ഐക്യദാർഢ്യത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

“പകർച്ചവ്യാധിയെ നേരിടാൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ആഗോള സമൂഹം ഒരു പുതിയ സഹകരണത്തിന് തയാറെടുക്കുന്നു. എക്സ്പോ 2020 ദുബായ് അറിവും പുതുമകളും പങ്കിടാനുള്ള വേദി നൽകും. ഇതിലൂടെ യുഎഇ സംസ്കാരങ്ങളെ മറികടക്കുകയും എല്ലാവർക്കുമായി മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും അഭിലാഷങ്ങളും വർധിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സർഗാത്മകതയ്ക്ക് സാക്ഷ്യം വഹിക്കുന്ന, പ്രചോദനകരവും പ്രബുദ്ധവുമായ അനുഭവത്തിൽ ചേരാൻ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾക്ക് സ്വാഗതം,“ അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് ഇൗ വർഷം ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ദുബായിൽ നടക്കുക. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ വേദി. ഓരോ രാജ്യത്തിന്റെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ചും അറിയാനാകും. 173 ദിവസത്തിനുള്ളിൽ രണ്ടരക്കോടി സന്ദർശകർ എക്സ്‌പോ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.