1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2021

സ്വന്തം ലേഖകൻ: ലോക മഹാമേളയ്ക്ക് ഇനി അവശേഷിക്കുന്നത് വെറും നാലുനാൾ മാത്രം. ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി എക്സ്‌പോ 2020 ലോകത്തിനുമുന്നിൽ തുറക്കപ്പെടും. ഉദ്ഘാടനത്തിന് മുന്നോടിയായിത്തന്നെ ജനത്തിരക്ക് തുടങ്ങിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കളായി എത്തുന്നവരുടെ നീണ്ട നിരയാണ് വേദിയുടെ പ്രധാന ഗേറ്റിന് മുൻവശത്ത്.

യു.എ.ഇ.യിലെ ബിസിനസുകാർ, സ്കൂൾ വിദ്യാർഥികൾ എന്നിവരാണ് ഇപ്പോൾ അധികവും വേദി കാണാനെത്തുന്നത്. യു.എ.ഇ.യിൽ ചൂടിന് അല്പം ശമനമായതോടെ പ്രത്യേക വൺഡേ പാസിലൂടെയും മറ്റും മേളയുടെ മനോഹാരികത ആസ്വദിക്കാൻ ഏറെപ്പേരെത്തുന്നുണ്ട്. പ്രത്യേക പാർക്കിങ്ങിൽ വാഹനം നിർത്തി പ്രധാന ഗേറ്റിലേക്ക് ബസിൽ പോകാനുള്ള സൗകര്യമാണ് കൂടുതൽപേരും പ്രയോജനപ്പെടുത്തുന്നത്. പ്രധാന ഗേറ്റിന് മുൻഭാഗത്ത് എൽ.ഇ.ഡി. ലൈറ്റുകളുടെ വെട്ടത്തിൽ ഫോട്ടോയെടുക്കാനും ലോകമഹാമേളയുടെ കൗതുകങ്ങൾ ആസ്വദിക്കാനും ഇനി തിരക്കേറും.

ഒരു ദിവസത്തെ ടിക്കറ്റിന്റെ നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ സംഘാടകർ പുറത്തിറക്കി. 95 ദിർഹത്തിന്റെ പാസ് എടുത്താൽ അടുത്തമാസം 1 മുതൽ 31വരെ എത്ര തവണ വേണമെങ്കിലും സന്ദർശിക്കാം. 15നകം ബുക്ക് ചെയ്യണം. സൈറ്റ്: www.expo2020dubai.com.

ഒരു തവണ പ്രവേശിക്കാവുന്ന ടിക്കറ്റിന് 95 ദിർഹവും (ഏകദേശം 1,900 രൂപ) 6 മാസം കാലാവധിയുള്ള പാസിന് 495 ദിർഹവു (ഏകദേശം 9,900 രൂപ) ഒന്നിലേറെ തവണ പ്രവേശനം അനുവദിക്കുന്ന ഒരുമാസത്തെ പാസിന് 195 ദിർഹ (ഏകദേശം 3,900 രൂപ)വുമാണ് നിരക്ക്. 950 ദിർഹത്തിന്റെ (ഏകദേശം 19,000 രൂപ) പാക്കേജിൽ മാതാപിതാക്കളും വീട്ടു ജോലിക്കാരിയും ഉൾപ്പെടും. ഇവർക്ക് എക്സ്പോ ഭക്ഷണശാലകളിൽ ഇളവുമുണ്ടാകും.

മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25% ഇളവ് ലഭിക്കും. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ, 60 വയസ്സ് കഴിഞ്ഞ വയോധികർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക നൽകിയാൽ മതിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.