1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2021

സ്വന്തം ലേഖകൻ: ഇനി 10 ദിവസം മാത്രം ശേഷിക്കെ എക്സ്പോ 2020ക്ക് ആവേശം പകരാൻ ഔദ്യോഗിക ഗാനമെത്തി. ‘ദിസ് ഇൗസ് ഔവർ ടൈം’ (ഇത് നമ്മുടെ സമയം) എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വിഡിയോ, യുഎഇയുടെ സംസ്കാരം, ജീവിതം, കാഴ്ചകൾ എന്നിവയാൽ സമ്പന്നമാണ്. ലോക രാജ്യങ്ങളുടെ സംഗമമൊരുക്കുന്ന ഉത്സവത്തിലേയ്ക്ക് സുസ്വാഗതമോതുകയാണ് മനോഹരമായ ഇൗ ഗാനത്തിലൂടെ, ദുബായ്. മനസ്സുകളെ ഒന്നിപ്പിക്കുന്നു, ഭാവിയെ സൃഷ്ടിക്കുന്നു എന്നതാണ് എക്സ്പോ 2020യുടെ മുദ്രാവാക്യം.

യുഎഇയിലെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളും എക്സ്പോ അംബാസഡറുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി നാമനിർദ്ദേശം ചെയ്യപ്പെട്ട ലബനീസ്-അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ മൈസ്സ കാര എന്നിവരോടൊപ്പം മധ്യപൂർവദേശത്തെ സ്‌പോട്ടിഫൈയുടെ മികച്ച വനിതാ പ്രതിഭകളുടെ പട്ടികയിൽ ഇടം നേടിയ സ്വദേശി ഗായികയും ഗാനരചയിതാവുമായ 21 കാരി അൽ മാസ് എന്നിവരാണ് വിഡിയോ ഗാനത്തിൽ അണിനരക്കുന്നത്. എക്സ്പോയുടെ വനിതാ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയാണ് മൈസ്സ കാര.

വേൾഡ് എക്സ്പോകൾ ആളുകളെ ഒന്നിപ്പിക്കുന്നുവെന്ന് എക്സ്പോ 2020 ദുബായ് ചീഫ് എക്സ്പീരിയൻസ് ഓഫീസ് പ്രതിനിധി മാർജൻ ഫറൈഡൂണി പറഞ്ഞു. പോയ കാലവും വർത്തമാനവും ഭാവിയും സമന്വയിപ്പിക്കുന്ന എക്സ്പോ 2020 യുടെ ഔദ്യോഗിക ഗാനമൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും 10 ദിവസത്തിനുള്ളിൽ ലോകത്തെ സ്വാഗതം ചെയ്യാൻ ഇൗ ഗാനത്തിന് സാധിക്കുമെന്നും പറഞ്ഞു. ദശലക്ഷക്കണക്കിന് സന്ദർശകർക്ക് ജീവിതത്തിലെ അപൂർവുസുന്ദര ഓർമകൾ സമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷ.

യുഎഇക്ക് ഉണ്ടായിരുന്നതും ഇന്നുള്ളതും വരും വർഷങ്ങളിൽ കൈവരിക്കാവുന്നതുമായ നേട്ടങ്ങൾക്കുള്ള ആദരവാണ് ഇൗ ഗാനമെന്ന് ഹുസൈൻ അൽ ജാസ്മി പറഞ്ഞു. അഭിമാനത്തെയും വിശ്വാസത്തെയും ഐക്യത്തെയും കുറിച്ചുള്ള ഗാനമാണിത്. ലോകത്ത് എവിടെയായിരുന്നാലും അത് കേൾക്കുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയുടെ ചരിത്രത്തിലെ മഹത്തായ ഒരു സംഭവത്തിന്റെ ഭാഗമാകുന്നത് ആവേശവും അഭിമാനവും പകരുന്നു. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് ദുബായ് എക്സ്പോ 2020.

എക്സ്പോ സേവനങ്ങൾക്ക് വിവിധ തലങ്ങളിലുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി 30,000 വൊളന്റിയർമാർ ഒരുങ്ങി. 135 രാജ്യങ്ങളിൽ നിന്നുള്ള 17 മുതൽ 79 വയസ്സുവരെയുള്ളവർ ഇവരിലുണ്ട്. 45 ശതമാനം പേരും സ്വദേശികളാണ്. സർവകലാശാല വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, വീട്ടമ്മമാർ, ജോലിയിൽ നിന്നു വിരമിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്കു പുറമേ റോബട്ടുകളും രംഗത്തുണ്ട്.

40,000 മണിക്കൂർ പരിശീലനമാണ് വൊളന്റിയർമാർ പൂർത്തിയാക്കിയതെന്നു സംഘാടകർ അറിയിച്ചു. എക്സ്പോയ്ക്കു ശേഷവും വൊളന്റിയർമാർക്ക് അവസരങ്ങൾ ലഭ്യമാകും. ദുബായ് സൗത്തിലെ ‘ഡിസ്ട്രിക്ട് 2020’ എന്ന വിസ്മയ മേഖലയിൽ 65,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന താമസകേന്ദ്രങ്ങൾ, 1.35 ലക്ഷം ചതുരശ്രമീറ്റർ വാണിജ്യമേഖല, വിദ്യാഭ്യാസ-സാംസ്‌കാരിക-ഉല്ലാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അനുബന്ധ മേഖലകളിലും 45ൽ ഏറെ ചുമതലകളാണ് ഇവർക്കുള്ളത്.

യുഎഇ വാർത്താവിനിമയ കമ്പനിയായ ഇത്തിസാലാത്തിനായിരുന്നു പരിശീലനങ്ങളുടെ മേൽനോട്ടം. യുഎഇ സഹിഷ്ണുത മന്ത്രിയും എക്സ്പോ 2020 ജനറൽ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വൊളന്റിയർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.