1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2021

സ്വന്തം ലേഖകൻ: എക്സ്പോയിൽ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ കാര്യസ്ഥന്മാരായി നൂറിലേറെ യന്തിരന്മാർ. വേഷം മാറി കറങ്ങി നടക്കുന്ന റോബട്ടുകൾ സന്ദർശകരുടെ മനസ്സറിഞ്ഞ് സഹായിക്കാൻ തയാർ. പണം വാങ്ങി സാധനങ്ങൾ വിതരണം ചെയ്യുന്ന ചെറുവണ്ടിയായും ഊണുമേശയിലെ വിളമ്പുകാരനായും വരെ അവതരിക്കും.

ഈ ബുദ്ധിരാക്ഷസന്മാർ അരങ്ങുകളിലും കലവറയിലും മാത്രമല്ല, വഴിയോരങ്ങളിലും സഹായത്തിനെത്തും. ഇഷ്ട ഭക്ഷണം എവിടെ കിട്ടുമെന്നു വരെ ഇവർ പറഞ്ഞുതരും. അതുംപോരെങ്കിൽ കാഴ്ചകൾ കാണാനും ഷോപ്പിങ്ങിനുമെല്ലാം കൂടെവരും.

ഇതിനു പുറമേ 30,000ൽ ഏറെ വൊളന്റിയർമാരും എക്സ്പോയിൽ ഉണ്ടാകും. ഭാഷ ഏതായാലും ഉടനെത്തും ഉത്തരം. 60ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള 1,200 കമ്പനികൾ പുതിയ റോബട്ടുകളെ പരിചയപ്പെടുത്തും. സ്മാർട് നഗരമായ ദുബായിൽ ഈ റോബട്ടുകൾക്കു വൻ സ്വീകാര്യത ലഭിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

യുഎഇയിൽ കാറുകളുടെ തകരാറുകൾ കണ്ടെത്താനും മെട്രോ സ്റ്റേഷൻ ശുചീകരണത്തിനും ആശുപത്രി സേവനങ്ങൾക്കും റോബട്ടുകൾ രംഗത്തുണ്ട്. അപകടകരമായ ദൗത്യങ്ങൾക്കു റോബട്ടുകളെ നിയോഗിക്കാനുള്ള പദ്ധതികൾ പരീക്ഷണഘട്ടത്തിൽ വൻ വിജയമായിരുന്നു.

റോബട്ടുകൾ പ്രധാന ദൗത്യങ്ങൾ ഏറ്റെടുത്ത് അരങ്ങിലെത്തുന്ന ആദ്യ എക്സ്പോയാണ് ഒരുങ്ങുന്നത്. നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വൻ സാധ്യതകൾ പരിചയപ്പെടുത്തുന്ന എക്സ്പോയിൽ വരുംതലമുറയിലെ റോബട്ടുകളെയും അടുത്തറിയാം. വീട്ടുകാവൽ, അടുക്കള ജോലികൾ, വീടു വൃത്തിയാക്കൽ എന്നിങ്ങനെ വിശ്വസിച്ച് എന്തുകാര്യവും ഏൽപിക്കാവുന്ന റോബട്ടുകളെ പരിചയപ്പെടാനും വേണമെങ്കിൽ വാങ്ങാനും അവസരം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.