1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2022

സ്വന്തം ലേഖകൻ: ഭാവിയിലേക്കുള്ള വിസ്മയകാഴ്ചകളുമായി ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം തുറന്നു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദാണ് അപൂര്‍വ മ്യൂസിയം കാഴ്ചക്കാര്‍ക്ക് തുറന്നു കൊടുത്തത്. ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് ഫ്യൂച്ചര്‍ മ്യൂസിയത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ഫ്യൂച്ചര്‍ മ്യൂസിയത്തിന് ചുറ്റും വെളിച്ചം കൊണ്ട് അമ്പരപ്പിക്കുന്ന കാഴ്ചകളൊരുക്കിയായിരുന്നു ഉദ്ഘാടന ചടങ്ങ്.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍, ഉപഭരണാധികാരി ശൈഖ് മക്തൂം എന്നിവര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം. ആഗോള ശാസ്ത്ര ഗവേഷണ വേദിയാണ് ഈ മ്യൂസിയമെന്ന് ഭരണാധികാരി ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രതീക്ഷയുടെ സന്ദേശമാണിത്. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭാവിയെ രൂപകല്‍പന ചെയ്യാനുള്ള സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു.

77 മീറ്റര്‍ ഉയരത്തില്‍ ഏഴ് നിലകളിലായാണ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. 145 ദിര്‍ഹമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ബിഗ് ഡാറ്റാ അനാലിസിസ്, മനുഷ്യനും യന്ത്രങ്ങളും തമ്മിലെ ആശയവിനിമയം, ഇന്നൊവേഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് പ്രദര്‍ശനങ്ങള്‍. 2071 വരെ യു എ ഇ മുന്നില്‍കാണുന്ന ഭാവിയെ അനുഭവിക്കാനും അതിലേക്ക് യാത്രചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായി മ്യൂസിയം വിവരവിനിമയത്തിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സംവിധാനമൊരുക്കും. പ്രദര്‍ശനങ്ങള്‍ക്ക് ഒരേസമയം ആയിരം പേര്‍ക്ക് സമ്മേളിക്കാവുന്ന ഹാളും, സെമിനാര്‍ സംവിധാനങ്ങളും ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.