1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2022

സ്വന്തം ലേഖകൻ: ദുബൈയിൽ ഈമാസം തുറക്കുന്ന ഫ്യൂച്ചർ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. 145 ദിർഹമാണ് ടിക്കറ്റിന്റെ വില. എന്നാൽ ഭിന്നശേഷിക്കാർക്കും, മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ഈമാസം 22 മുതലാണ് ഭാവിയിലേക്കുള്ള കാഴ്ചകളും ആശയങ്ങളും പങ്കുവെക്കുന്ന ദുബൈ ഫ്യൂച്ചർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്.

ഇന്ന് മുതൽ മ്യൂസിയം സന്ദർശനത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. www.motf.ae എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക. ഒരാൾക്ക് 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ എല്ലാദിവസവും പ്രവേശനം അനുവദിക്കും.

രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെയാണ്സമയം. ടിക്കറ്റെടുക്കുന്നവർ സന്ദർശിക്കാനുദ്ദേശിക്കുന്ന സമയം ഏതാണെന്ന് തെരഞ്ഞെടുത്താണ് ടിക്കറ്റെടുക്കേണ്ടത്. ഭിന്നശേഷിക്കാർക്കും, മൂന്ന് വയസിന് താഴെയുള്ളവർക്കും സൗജന്യമായി ടിക്കറ്റ് ലഭിക്കും. അറുപത് പിന്നിട്ട യു എ ഇ സ്വദേശികൾക്കും അവരെ പരിചരിക്കുന്നവർക്കും പ്രവേശനം സൗജന്യമാണ്. മ്യൂസിയത്തിൽ കുട്ടികൾക്കായി തയാറാക്കിയ അവർ ഫീച്ചർ ഹീറോസ് ഫ്ലോറിലേക്ക് കൂടി ടിക്കറ്റ് എടുക്കുന്നവർക്ക് പ്രവേശനമുണ്ടാകും.

പരമ്പരാഗത-അത്യാധുനിക വാസ്തുശിൽപ മാതൃകയിൽ നിർമിച്ച വിസ്മയ കെട്ടിടമാണ് മ്യൂസിയം ഒാഫ് ദ് ഫ്യൂച്ചർ. എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപമാണു മന്ദിരം പൂർത്തിയായത്. 30,000 ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിലാണ് പുതുമകളേറെയുള്ള കെട്ടിടം.

അറബിക് കലിഗ്രഫിയുടെ വെള്ളിത്തിളക്കമാണു മറ്റൊരു പ്രത്യേകത. 9 നിലകളിൽ അണിയിച്ചൊരുക്കിയ കാഴ്ചകളിൽ നൂതന ആശയങ്ങളും ഭാവി പദ്ധതികളും സുവർണ സങ്കൽപങ്ങളും ഓളമിടുന്നു. സന്ദർശകരെ കാത്തിരിക്കുന്നത് അത്യപൂർവ ദൃശ്യാനുഭവങ്ങൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞവർഷം അനൗപചാരികമായി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.