1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2024

സ്വന്തം ലേഖകൻ: ദുബായിലെ ഏറ്റവും പുതിയ വീസ സേവനങ്ങളെയും, രാജ്യാന്തര വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിലെ പവിലിയന് വൻ സ്വീകാര്യത. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സംഘടിപ്പിക്കുന്ന ‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ (For you, we are here) എന്ന ബോധവൽക്കരണ ക്യാംപെയ്ൻ പവിലിയൻ ഇതിനകം നിരവധി പേരാണ് സന്ദർശിച്ചത്.

ജിഡിആർഎഫ്എ-ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് ഫൈനാൻസ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ, മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി, ബ്രി. ഖലഫ് അൽ ഗൈത്ത്, ബ്രി. ഡോ. ഒമർ അലി അൽ ഷംസി, മറ്റു ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ ഇവിടം സന്ദർശിച്ചു.

ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാർക്ക് ദുബായിലെ ഏറ്റവും പുതിയ വീസാ സേവനങ്ങളെക്കുറിച്ച് മനസിലാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ അധികാരികളിൽ നിന്ന് സ്വീകരിക്കാനും കഴിയുന്ന തരത്തിലാണ് ഇവിടെ ക്യാംപെയ്ൻ പവിലിയനുള്ളത്. ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിക്ക് അരികിലാണ് പ്രദർശനം. ദുബായിലെ വീസ സേവനങ്ങളുടെ അവലോകനം ഇവിടെ ലഭ്യമാണ്. വീസ അപേക്ഷാ പ്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ, വിവിധ വീസ തരങ്ങൾ, എയർപോർട്ടിലെ ഏറ്റവും പുതിയ സ്മാർട്ട്‌ സേവനങ്ങളെ കുറിച്ചുള്ള അറിവുകൾ, കുട്ടികളുമായി ബന്ധപ്പെട്ട സർവീസുകൾ അടക്കമുള്ള നിരവധി വിവരങ്ങൾ ലഭ്യമാണ്.

ജിഡിആർഎഫ്എ നൽകുന്ന വൈവിധ്യമായ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ആശയവിനിമയ ഉപകരണങ്ങൾ മെച്ചപ്പെടുത്തുകയും ഉപയോക്താക്കളുമായി നിരന്തരമായ ഇടപഴകൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവിടെ ക്യാംപെയ്ൻ സംഘടിപ്പിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.

ഉപയോക്തൃ സംതൃപ്തിയും ജീവിത നിലവാരം മെച്ചപ്പെടുത്തലും മുൻഗണന നൽകുന്നതിനുള്ള- ജിഡിആർഎഫ്എയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പ്രചാരണ ക്യാംപ് നടത്തിയതെന്ന് മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. സുസ്ഥിരമായ പൊതുജന ഇടപഴകൽ വർദ്ധിപ്പിക്കുകയും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് നൂതന രീതികളിലൂടെ സർക്കാർ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണ്. ദുബായിലെ വിവിധ സ്ഥലങ്ങളിൽ മുൻപ് സമാന രീതിയിൽ സർവീസുകൾ പരിചയപ്പെടുത്തുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ മാസം 8ന് ആരംഭിച്ച പ്രദർശനം ഫെബ്രുവരി 8 വരെ നീണ്ടു നിൽക്കുമെന്ന് ജിഡിആർഎഫ്എ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.