
സ്വന്തം ലേഖകൻ: ഗതാഗത മേഖലയിൽ റോപ് വേ പദ്ധതിയുമായി ദുബായ്. ഇതുസംബന്ധിച്ച കരാറിൽ ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുമായി ആർടിഎ ഒപ്പുവച്ചു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. ഉരുക്കുവടത്തിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ പോഡുകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗമുണ്ടാകും.
പൂർണമായും ഓട്ടോമാറ്റിക് ആയ ഡ്രൈവർരഹിത രീതിയാണിത്. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. നവീന കാബ്‌ലൈൻ സാങ്കേതികവിദ്യ ദുബൈക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് എംഎൻഡി സിഇഒ സാവിയർ ഗാലറ്റ് ലാവല്ലെ പറഞ്ഞു. പരമ്പരാഗത റോപ്‌വേ ഗതാഗത മാതൃകകളിൽനിന്ന് വ്യത്യസ്തമായി ആധുനികവും ഊർജ ഉപയോഗം കുറഞ്ഞതുമായ സംവിധാനമായിരിക്കും വികസിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.
2030ഓടെ ദുബൈ നഗരത്തിലെ 25 ശതമാനം ഗതാഗത സംവിധാനങ്ങളും യാത്രക്കാർക്ക് സ്വയം ഓടിക്കാൻ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ദുബായ് മെട്രോയ്ക്കും ഡ്രൈവറില്ല. ദുബായിലെ സാഹചര്യങ്ങൾക്കു യോജിച്ചവിധമാകും രൂപകൽപന. ഷാർജയിൽ സ്കൈ പോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. മരുഭൂമിയിലെ സാഹചര്യങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന സ്കൈ പോഡിന്റെ പ്രാഥമിക പരീക്ഷണ ഘട്ടങ്ങൾ വിജയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല