
സ്വന്തം ലേഖകൻ: ഒമാനിൽനിന്ന് ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല. എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ, ഒമാൻ-യു.എ.ഇ അതിർത്തി തുറന്നിരുന്നു.
പുതിയ നിർദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർക്ക് പഴയ രീതിയിൽതന്നെ സഞ്ചരിക്കാൻ കഴിയും. ദുബായിലെത്തുന്ന സന്ദർശകർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മാസങ്ങളായി തുടര്‍ന്നുവന്ന യാത്രാ വിലക്കുകളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഒഴുക്കാണ് യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ.
അതേസമയം, യാത്രക്കാര്‍ വര്‍ധിച്ചതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നു. പല വിമാന കമ്പനികളും നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ നിരക്കാണ് യുഎഇയിലേക്ക് ഈടാക്കുന്നത്. യാത്രക്കാരുടെ തിരക്ക് കുറയുന്നതോടെ ടിക്കറ്റ് നിരക്കും കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരും ഏറെയാണ്.
സന്ദര്‍ശകര്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ്. യാത്രക്കാര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമില്ല എന്നതുള്‍പ്പെടെ ഇവിടെ നിയന്ത്രണങ്ങള്‍ കുറവായതും മറ്റ് എമിറേറ്റുകളിലെ യാത്രക്കാര്‍ക്കും വിമാനം ഇറങ്ങാന്‍ അനുമതിയുള്ളതുമാണ് ഇതിന് പ്രധാന കാരണം.
ദുബായില്‍ റസിഡന്‍സ് വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെയും (ജിഡിആര്‍എഫ്എ) മറ്റ് എമിറേറ്റുകളില്‍ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയും (ഐസിഎ) അനുമതി നേടിയിരിക്കണമെന്നതാണ് ദുബായിലേക്ക് വരുന്നവര്‍ക്കുള്ള പ്രധാന നിബന്ധന.
അതേസമയം, സന്ദര്‍ശക വിസക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ല. അതേസമയം, എല്ലാ തരം വിസക്കാര്‍ക്കും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിന് സ്വീകച്ച ആര്‍ക്കും ഇവിടെ എത്താം. ഇതുപ്രകാരം ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് എടുത്തവര്‍ക്കും തടസ്സമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല