
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം കരുതണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. എയർഇന്ത്യ എക്സ്പ്രസ് ആണ് പത്രക്കുറിപ്പിലൂടെ പുതുക്കിയ യാത്രാനിബന്ധന അറിയിച്ചത്. കൂടാതെ പരിശോധനാഫലത്തിൽ ക്യൂ ആർ കോഡ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുകൂടി യാത്രക്കാർ ശ്രദ്ധിക്കാനും നിർദേശമുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് നിബന്ധനയിൽ മാറ്റംവരുത്തിയത്. ഇൗ മാസം 22 മുതൽ ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്കു വരുന്നവർക്കാണ് നിബന്ധന ബാധകമാവുക.
ഇംഗ്ലീഷിലോ അറബികിലോ ഉള്ള സർടിഫിക്കറ്റുകളിൽ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ഒറിജിനൽ റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡും നിർബന്ധമാണ്. യാത്രക്കാർ വരുന്ന സ്ഥലത്തെ ലാബിൽ നിന്നെടുത്ത സർടിഫിക്കറ്റു തന്നെയായിരിക്കണം ഇത്. എയർ ഇന്ത്യാ എക്സ്പ്രസും ദുബായ് അധികൃതരും സര്‍ട്ടിഫിക്കറ്റ് വിശദമായി പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല