
സ്വന്തം ലേഖകൻ: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സെന്റര്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നു. കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചതാണിത്. പരിമിത സ്ഥല സൗകര്യം മാത്രമുള്ള നിലവിലെ സര്‍വീസ് സെന്ററില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ വിശാലമായ ഇടത്തേക്ക് മാറുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ സഹില്‍ അഗര്‍വാള്‍ അറിയിച്ചു.
നിലവില്‍ ഊദ് മേത്തയിലെ ബിസിനസ് ആട്രിയം ബില്‍ഡിംഗിലെ 201, 202 നമ്പര്‍ മുറികളിലാണ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കോണ്‍സുലേറ്റ് ഔട്ട്സോഴ്സ് ചെയ്ത എസ്ജി ഐവിഎസ് ഗ്ലോബല്‍ കമേഴ്ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്ന സ്ഥാപനമാണ് സേവന ദാതാക്കള്‍. എന്നാല്‍, ഇവിടത്തെ സൗകര്യങ്ങള്‍ക്ക് താങ്ങാനാവാത്ത വിധം സേവനത്തിനായി വരുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇതേ കെട്ടിടത്തിലെ ഒന്നാം നിലയിലേക്ക് സേവന കേന്ദ്രം മാറ്റുകയാണെന്ന് അദ്ദേഹം അറിയിച്ചു.
റൂം നമ്പര്‍ 102, 103, 104 എന്നിവയിലേക്കാണ് സേവനങ്ങള്‍ മാറ്റുക. ഫെബ്രുവരി 15 മുതല്‍ പുതിയ കേന്ദ്രത്തിലായിരിക്കും അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവുകയെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
നിലവില്‍ പവര്‍ ഓഫ് അറ്റോര്‍ണി രജിസ്ട്രേഷന്‍, വില്‍ പത്രം രജിസ്റ്റര്‍ ചെയ്യല്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുള്ള വിദ്യാഭ്യാസ രേഖകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അറ്റസ്റ്റ് ചെയ്യല്‍ തുടങ്ങിയ സേവനങ്ങളാണ് ഐവിഎസ് സെന്ററില്‍ നിന്ന് നല്‍കുന്നത്. 500ലേറെ പേര്‍ക്കാണ് നിലവില്‍ ഈ കേന്ദ്രത്തില്‍ നിന്ന് സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, സ്ഥല പരിമിതി കാരണം പലപ്പോഴും ഇവിടെ വലിയ ആള്‍ത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഇടത്തേക്ക് മാറ്റുന്നതെന്ന് സഹില്‍ അഗര്‍വാള്‍ അറിയിച്ചു.
പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കൂടുതല്‍ വിശാലമായ സൗകര്യം ആവശ്യമാണ്. കൂടുതല്‍ പേര്‍ക്ക് ഇരിക്കാവുന്ന വെയ്റ്റിംഗ് റൂം ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് പുതിയ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 14ന് നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് സേവന കേന്ദ്രത്തിന്റെ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ് അധികൃതര്‍.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയുമാണ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സേവനങ്ങള്‍ ലഭിക്കുക. ഞായറാഴ്ച അവധിയാണ്. സേവന കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ 043579585 എന്ന നമ്പറിലോ പ്രവാസി ഭാരതീയ സേവാ കേന്ദ്രത്തിന്റെ മുഴുസമയ ഹെല്‍പ് ലൈനായ 80046342 നമ്പറിലോ ബന്ധപ്പെടാം. pbsk.dubai@mena.gov.in, attestation.dubai@mea.gov.in, passport.dubai@mea.gov.in എന്നീ ഇമെയില്‍ വഴിയും വിവരങ്ങള്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല