സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരായ ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്താറിനോടനുബന്ധിച്ചായിരുന്നു പരിപാടി. ആരോഗ്യം, സാമ്പത്തിക വിനിയോഗം സംബന്ധിച്ച് പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിപാടിയില്‍ വിശദീകരിച്ചു.
ജബല്‍ അലിയിലെ എം/എസ് ട്രാന്‍സ്വേള്‍ഡിലാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പനി മാനേജ്മെന്റ് ടീമിനൊപ്പം 200 ഓളം തൊഴിലാളികള്‍ ഇഫ്താറില്‍ പങ്കെടുത്തു.
പരിപാടിയില്‍ സംസാരിച്ച ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ തൊഴിലാളികള്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുകയും അവരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് ചെയ്തുവരുന്ന വിവിധ നടപടികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
പ്രൈം ഹെല്‍ത്ത്കെയറിലെ ഡോക്ടര്‍മാരുടെ സംഘം തൊഴിലാളികള്‍ക്കായി ക്യാമ്പില്‍ ആരോഗ്യ പരിശോധന നടത്തി. ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥര്‍ സാമ്പത്തിക സാക്ഷരതയെക്കുറിച്ചും ബാങ്കിങ് തട്ടിപ്പ് തടയുന്നതിനുള്ള നുറുങ്ങുകളെക്കുറിച്ചും തൊഴിലാളികള്‍ക്ക് വിശദീകരിച്ചു.
സര്‍ക്കാരിന്റെ ക്ഷേമ നടപടികളെക്കുറിച്ചും പരാതി പരിഹാര സംവിധാനത്തെക്കുറിച്ചും കോണ്‍സുലേറ്റിലെ പ്രവാസി ഭാരതീയ സഹായ കേന്ദ്ര (പിബിഎസ്‌കെ) ബോധവത്കരണ സെഷനും സംഘടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല