
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാരെന്ന് ജിഡിആർഎഫ്എ. എയർപോർട്ടിലെ മുഴുവൻ നടപടികളും മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം. പരീക്ഷണഘട്ടം മുതൽ ഇതുവരെ ആറു മാസത്തിനുള്ളിലാണ് ഇത്രയധികം പേർ ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു.
വിമാനയാത്രയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രാരേഖയായി കംപ്യൂട്ടറിൽ അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനമാണിത്. കഴിഞ്ഞ മാസം അവസാനമാണ് ഇതാരംഭിച്ചത്. പാസ്പോർട്ട് നിയന്ത്രണ നടപടിക്രമങ്ങൾ അഞ്ചുമുതൽ 9 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ പുതിയ സംവിധാനം യാത്രക്കാരെ അനുവദിക്കുന്നു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാർച്ചർ, അറൈവൽ ഭാഗത്താണ് ഇതു സ്ഥാപിച്ചിട്ടുള്ളത് . 2021വർഷത്തെ മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നവേഷന്റെ സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യക്കുള്ള അവാർഡ് ലഭിച്ചത് ഈ ബയോമെട്രിക് യാത്രാ സിസ്റ്റത്തിനായിരുന്നു.
തടസ്സമില്ലാത്ത സ്മാർട്ട് യാത്രാസേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യഘട്ടത്തിൽ തങ്ങളുടെ വിശദാംശങ്ങൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.
യാത്രക്കാർ എമിറേറ്റ്സ് ചെക്ക് ഇൻ കൗണ്ടറിൽ സമീപിച്ചു പാസ്പോർട്ട് വിവരങ്ങളും ബയോമെട്രിക് ക്യാമറയിൽ മുഖവും കണ്ണുകളും കാണിച്ചു റജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യഘട്ടം. ഇതോടെയാണ് ഇൗ സംവിധാനത്തിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുക. പിന്നീടുള്ള ഓരോ യാത്രയിലും പ്രത്യേകമായ മറ്റൊരു റജിസ്ട്രേഷൻ ഇതിനാവശ്യമില്ല. സ്മാർട്ട് ഗേറ്റ്, സ്മാർട്ട് ടണൽ, ഇടങ്ങളിലെ ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലെ മുഖവും യാത്രക്കാരന്റെ മുഖവും കണ്ണും ഒന്നാണെന്ന് തിരിച്ചറിഞ്ഞ് അവിടെയുള്ള വാതിലുകൾ തുറക്കപ്പെടുന്നു.
ബോർഡിങ് ഗേറ്റിലും എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ലോഞ്ചിലും ഇതേ പ്രക്രിയ തുടർന്ന് വിമാനത്തിലെ കയറും വരെ യാത്രക്കാർക്ക് തടസ്സ രഹിത സേവനം പ്രദാനം ചെയ്യുന്നു. ഓരോ പോയിന്റ്ലൂടെയും കടന്നുപോകാൻ എടുത്ത സമയം യാത്രക്കാരന്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 39-ാമത് ജൈടെക്സ് സാങ്കേതിക വാരത്തിലാണ് ദുബായ് ആദ്യമായി ബയോമെട്രിക് യാത്രാ സംവിധാനം അവതരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല