
സ്വന്തം ലേഖകൻ: കോവിഡിനു മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ദുബായ് വിമാനത്താവളം പൂർണമായും മാറിക്കഴിഞ്ഞതായി അധികൃതർ. ടെർമിനൽ മൂന്നിലെ ‘കോൺകോസ് എ’യും തുറന്നതോടെയാണ് പ്രവർത്തനം 100 ശതമാനം ശേഷിയിലേക്കു മാറിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ എയർപോർട്ടിലെ ടെർമിനലുകൾ, കോൺകോസുകൾ, ലോഞ്ചുകൾ, റസ്റ്റാറൻറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം പൂർണമായും പ്രവർത്തിക്കുന്നുണ്ട്.
ഡിസംബറിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന അവസാന ദിവസങ്ങളിൽ ടെർമിനൽ മൂന്നിൽ മാത്രം 16 ലക്ഷം യാത്രക്കാർ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ ദുബായിൽ എത്തിയവരുടെ എണ്ണം 10 ലക്ഷമായിരുന്നത് നവംബറിൽ ആഴ്ചയിൽ ഇത്രയും പേർ എത്തുന്ന സാഹചര്യത്തിലേക്ക് മാറിയിരുന്നു. ഇതിപ്പോൾ കോവിഡ് മുമ്പുള്ള കാലത്തെ യാത്രക്കാരുടെ എണ്ണത്തിലേക്ക് 94 ശതമാനവും എത്തിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി.
വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചതും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തുന്നതും ദുബായിക്കും സാമ്പത്തിക മേഖലക്കും പ്രധാനപ്പെട്ട നാഴികക്കല്ലാണെന്ന് എയർപോട് സി.ഇ.ഒ പോൾ ഗ്രിഫിത്സ് പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി മികച്ച ശുചിത്വ, ആരോഗ്യ പ്രോട്ടോകോളുകൾ, ഫാസ്റ്റ് ട്രാക്ക് പി.സി.ആർ പരിശോധന സൗകര്യം തുടങ്ങി ഉപഭോക്തൃ സേവനം മികച്ചതാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മാർച്ചിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളം സേവനം അവസാനിപ്പിച്ചത്. തുടർന്ന് ജൂൺ അവസാനത്തോടെ ഘട്ടംഘട്ടമായി പ്രവർത്തനം പുനരാരംഭിച്ചു. പിന്നീട് ജൂലൈയിലാണ് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ സ്വീകരിക്കാൻ ആരംഭിച്ചത്. 60ലേറെ അന്താരാഷ്ട്ര വിമാനങ്ങളെത്തുന്ന ടെർമിനൽ രണ്ട് തുറന്നത് ഈ വർഷം ജൂണിലാണ്. ഈ വർഷത്തെ അവസാന സീസണായ ഡിസംബറിൽ 2.8 കോടിയിലേറെ യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല