1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ വീണ്ടും തൊഴില്‍ തട്ടിപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യുവാക്കളാണ് വ്യാജ കമ്പനിയുടെ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ദുരിതത്തിലായത്. ആകര്‍ഷകമായ തൊഴിലുകള്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് സംഘം തട്ടിയത്. തട്ടിപ്പിനിരയായ ആറ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുബായ് പൊലീസില്‍ പരാതി നല്‍കിയതായും സമയം റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയിലെ ഒരു സെക്യൂരിറ്റി കമ്പനിയുടെ പേരില്‍ കൊമേഴ്സ്യല്‍ സ്ഥാപനങ്ങളിലും റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍, വിഐപി പ്രൊട്ടക്ഷന്‍, സര്‍വെയ്ലന്‍സ് മോണിറ്ററിംഗ്, ജനറല്‍ ഗാര്‍ഡിംഗ്, ട്രാഫിക് മാനേജ്മെന്റ്, ബൗണ്‍സര്‍മാര്‍, പേഴ്സനല്‍ ഗാര്‍ഡ്സ് വിഭാഗങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി കമ്പനിയുടെ പേരില്‍ പ്രത്യേക വെബ്‌സൈറ്റ് ഒരുക്കിയായിരുന്നു അപേക്ഷകള്‍ ക്ഷണിച്ചത്. കമ്പനിയുടെ വിവരങ്ങളെല്ലാം കൃത്യമായി വെബ് സൈറ്റിലുണ്ടായിരുന്നു.

യുഎഇയിലെത്തിയ ശേഷം മാത്രമേ ഡിപോസിറ്റ് തുക നല്‍കേണ്ടതുള്ളൂ എന്ന ഓഫറും തൊഴിലന്വേഷകരുടെ വിശ്വാസം ആര്‍ജിക്കുകയായിരുന്നു. വെബ്‌സൈറ്റിന്റെ ആധികാരികത വിശ്വസിച്ച കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള അപേക്ഷകര്‍ കെണിയില്‍ അകപ്പെടുകയായിരുന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, നൈജീരിയ എന്നീ രാജ്യക്കാരുമാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലും.

ദുബായില്‍ എത്തിയ ഉടനെ തൊഴില്‍ വിസ നല്‍കുമെന്നായിരുന്നു കമ്പനി നല്‍കിയ വാഗ്ദാനം. 1500 മുതല്‍ 2500 ദിര്‍ഹം വരെ പ്രതിമാസ ശമ്പളം, രണ്ട് വര്‍ഷത്തിലൊരിക്കല്‍ ശമ്പളത്തോടു കൂടി രണ്ടു മാസത്തെ അവധി, യാത്രാ ടിക്കറ്റ് എന്നിവയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ വിസിറ്റ് വിസയില്‍ ദുബായില്‍ എത്തിയ തൊഴിലന്വേഷകരെ കമ്പനി പ്രതിനിധികളെന്ന് പരിചയപ്പെടുത്തിയ ചിലര്‍ അജ്മാനിലെ ഫ്ളാറ്റില്‍ താമസിപ്പിക്കുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേ കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ച എഴുനൂറിലേറെ പേര്‍ ഇവിടെയുണ്ടായിരുന്നു. സുരക്ഷാ ഡെപോസിറ്റ് എന്ന പേരില്‍ 2,500 ദിര്‍ഹം വീതമാണ് ഇവരില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ജോലിയില്‍ പ്രവേശിച്ചു ഒരു മാസം കഴിഞ്ഞാല്‍ തിരികെ നല്‍കും എന്നു പറഞ്ഞായിരുന്നു ഇത്. ഏതാനും പേര്‍ക്ക് ജോലി നല്‍കിയതല്ലാതെ പിന്നെ കമ്പനിയുടെ ഭാഗത്തു നിന്നും അറിയിപ്പൊന്നും ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഇവര്‍ മനസ്സിലാക്കുന്നത്. ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കമ്പനി അഡ്രസ് തേടിപ്പിടിച്ചെങ്കിലും സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് പോലിസില്‍ പരാതി ല്‍കിയത്.

തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം സ്വദേശികളാണ് ഇവിടെ കഴിയുന്നവലില്‍ ഏറെയും. സമാനമായ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്ത രണ്ട് മാസം മുമ്പ് ദുബായില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ദുബായിലെ വിവിധ ആശുപത്രികളിലേക്കെന്ന് പറഞ്ഞ് കൊണ്ടുവന്ന മലയാളി നഴ്‌സുമാര്‍ തട്ടിപ്പിനിരയാവുകയായിരുന്നു. റിക്രൂട്ടിംഗ് ഏജന്‍സിക്ക് വന്‍തുക നല്‍കിയായിരുന്നു ഇവര്‍ ദുബായിലെത്തിയത്. തട്ടിപ്പ് വാര്‍ത്തയായതോടെ യുഎഇയിലെ പല പ്രവാസി ആരോഗ്യ സ്ഥാപനങ്ങളും ഇവര്‍ക്ക് ജോലി നല്‍കാന്‍ മുന്നോട്ടു വരികയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.