
സ്വന്തം ലേഖകൻ: ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകിയതിനെ തുടർന്ന് മലയാളി യാത്രക്കാർ ഒരു ദിവസം മുഴുവൻ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ 4.55 ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്നു കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ് ജി 141 വിമാനം ഇന്നു രാവിലെ എട്ടരയോടെയാണു പറന്നുയർന്നത്.
ശനിയാഴ്ച പുലർെച്ച രണ്ടുമണി മുതൽ കുഞ്ഞുങ്ങളുമായി വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നു 130 യാത്രക്കാർ. ബോർഡിങ്ങും കഴിഞ്ഞ് വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് വിമാനം അൽപം വൈകുമെന്ന് സ്ക്രീനിൽ തെളിയുന്നത്. എന്നാൽ, ഓരോ മണിക്കൂർ കഴിയുേമ്പാഴും സ്ക്രീനിൽ സമയം മാറിക്കൊണ്ടിരുന്നു. 10.30ന് സ്പേസ് ജെറ്റ് ഉദ്യോഗസ്ഥർ എത്തി തകരാർ കാരണം വൈകുമെന്ന് അറിയിച്ചു.
യാത്രക്കാർ ബഹളം വെച്ചതോടെ രണ്ട് മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. എന്നാൽ, വിമാനം വീണ്ടും അനിശ്ചിതമായി വൈകുകയായിരുന്നു. ഒടുവിൽ, ഞായറാഴ്ചയേ വിമാനം പുറപ്പെടുകയുള്ളു എന്ന അറിയിപ്പ് വന്നു. റസിഡൻറ് വിസയുള്ളവർക്ക് സ്വന്തം റിസ്കിൽ പുറത്തുപോകാമെന്നും അല്ലാത്തവർ ഇവിടെ തങ്ങണമെന്നും അറിയിപ്പ് ലഭിച്ചു.
മൂന്നുനേരം ലഘുഭക്ഷണം ലഭിച്ചത് മാത്രമാണ് ആശ്വാസം. കുഞ്ഞുങ്ങളുള്ള ചിലർക്ക് ഹോട്ടലിൽ താമസ സൗകര്യവും ചെയ്തുകൊടുത്തു. ഇന്നലെ വിസിറ്റിങ് വിസ അവസാനിച്ചവരും ഇന്ന് വിവാഹത്തിൽ പങ്കെടുക്കേണ്ടവരുമെല്ലാം യാത്രക്കാരിൽ ഉണ്ടായിരുന്നു. പ്രായമായവരും കുട്ടികളും ദുരിതത്തിലായി. സ്പൈസ് ജെറ്റ് അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല