1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2021

സ്വന്തം ലേഖകൻ: കല, സംസ്‌ക്കാരം, ഡിസൈന്‍, പാരമ്പര്യം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്ക് ദീര്‍ഘകാല സാംസ്‌കാരിക വിസയുമായി ദുബായ് അധികൃതര്‍. ദുബായിയെ സര്‍ഗാത്മകതയുടെയും പ്രതിഭാ വിലാസത്തിന്റെയും കേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2019ലാണ് ലോംഗ് ടേം കള്‍ച്ചറല്‍ വിസയ്ക്ക് അനുമതി നല്‍കിയത്.

ഏതെങ്കിലും പ്രത്യേക സര്‍ഗാത്മക മേഖലയില്‍ സ്വന്തമായ കലാസൃഷ്ടി അടക്കം ഉള്‍പ്പെടുന്നതായിരിക്കണം അപേക്ഷകന്റെ ക്രിയേറ്റീവ് പ്രൊഫൈല്‍. കലാരംഗത്തിനും സാമൂഹിക നന്‍മയ്ക്കും വഴിവയ്ക്കുന്നതാവണം കലാസൃഷ്ടികള്‍. ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് സാംസ്‌ക്കാരിക വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളതെന്ന് ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റി വ്യക്തമാക്കി.

മാത്രമല്ല, ബന്ധപ്പെട്ട കലാ സാംസ്‌ക്കാരിക മേഖലകളില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം. ആര്‍ട്ട് ഗാലറികള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് ആഘോഷങ്ങള്‍, മ്യൂസിയങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയില്‍ പങ്കെടുത്തവരായിരിക്കണം. പുതുതലമുറയെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ അക്കാദമിക തലത്തില്‍ സംഭാവന നല്‍കിയവരുമായിരിക്കണം അപേക്ഷകര്‍.

പേര്, ദേശം, കലാ- സാംസ്‌ക്കാരിക മേഖല, പ്രവര്‍ത്തന മേഖലയിലെ പരിചയം, കലാ സൃഷ്ടികള്‍, നേട്ടങ്ങള്‍, നല്‍കിയ സംഭാവനകള്‍, പങ്കെടുത്ത മേളകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രിയേറ്റീവ് പോര്‍ട്ട്‌ഫോളിയോ ആണ് സമര്‍പ്പിക്കേണ്ട രേഖകളില്‍ പ്രധാനം.

വിവിധ പാര്‍ട്ടികള്‍, സംഘടനകള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിച്ച മെഡലുകള്‍, സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, അനുമോദനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇതില്‍ വിശദമായി ചേര്‍ക്കണം. ഓരോ അവാര്‍ഡുകളെയും അംഗീകാരങ്ങളെയും കുറിച്ച് ചെറു കുറിപ്പുകള്‍ നല്‍കണം. അവാര്‍ഡ് ലഭിച്ചത് എന്തൊക്കെ കാര്യങ്ങള്‍ പരിഗണിച്ച്, എപ്പോള്‍ ലഭിച്ചു, ആരാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയതായിരിക്കണം കുറിപ്പ്.

തന്റെ കലാ സാംസ്‌ക്കാരിക ജീവിതത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍, സമൂഹത്തിന് പകര്‍ന്ന നല്‍കിയ സംഭാവനകള്‍ തുടങ്ങിയ വ്യക്തമാക്കുന്ന കമ്മ്യൂണിറ്റി പ്രോഗ്രാമുകളെ കുറിച്ചുള്ള കുറിപ്പും ഇതോടൊപ്പം സമര്‍പ്പിക്കണം. ഓരോ പരിപാടികളുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങളും അവ കൊണ്ട് സമൂഹം കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കണം കുറിപ്പ്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതേക്കുറിച്ചുള്ള വിശദീകരണവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ബിരുദം, ബിരുദാനന്തര ബിരുദം, കലാ സാംസ്‌ക്കാരിക രംഗത്തെ യോഗ്യതകള്‍ തുടങ്ങിയവയുടെ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അതോടൊപ്പം വിവിധ മേഖലകളില്‍ പൂര്‍ത്തിയാക്കിയ പരിശീലനങ്ങളുടെ വിശദാംശങ്ങളും ഇതോടൊപ്പം നല്‍കണം.

വിവിധ സര്‍ക്കാരിതര സംഘടനകള്‍, കലാ സാംസ്‌ക്കാരിക മേഖലകളിലെ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയിലുള്ള അംഗതം, കലാ സാംസ്‌ക്കാരിക രംഗത്ത് ഏര്‍പ്പിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ജോലിയുടെ സ്വഭാവം, ജോലി ചെയ്തതോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതോ ആയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കണം. വര്‍ഷത്തില്‍ 1.2 ലക്ഷം ദിര്‍ഹം വരുമാനം ഉണ്ടായിരിക്കണം. ഇത് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമര്‍പ്പിക്കണം. ഒരു സ്ഥാപനത്തിന് വേണ്ടിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കണം.

culturalvisa@dubaiculture.ae എന്ന ഇമെയിലിലേക്കാണ് സാംസ്‌ക്കാരിക വിസയ്ക്കുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. പാസ്‌പോര്‍ട്ട്, വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ പകര്‍പ്പുകള്‍, പേരുവിവരങ്ങളും അഡ്രസും ഫോണ്‍ നമ്പറും ഉള്‍പ്പെടെ അടങ്ങിയ ബയോഡാറ്റ എന്നിവ ഇതോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കപ്പെടുന്ന പക്ഷം മൊബൈലിലോ ഇമെയിലിലോ സന്ദേശം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.