1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2024

സ്വന്തം ലേഖകൻ: ദുബായിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശി അനിൽ വിൻസെന്റി(59)നെ കൊന്ന് മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയായ പാക്കിസ്ഥാനി സ്വദേശിയെയും കൂട്ടുപ്രതികളായ മറ്റു രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതികളിലൊരാളും മൃതദേഹം മരുഭൂമിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി സ്വന്തം രാജ്യത്തേയ്ക്ക് രക്ഷപ്പെട്ടുകളഞ്ഞു.

ദുബായിലെ ഒരു ടെക്സ്റ്റൈൽ കമ്പനിയിൽ കഴിഞ്ഞ 35 വർഷമായി പിആർഒ ആയി ജോലി ചെയ്തിരുന്ന അനിലിനെ ഇൗ മാസം 2നാണ് കാണാതായത്. അന്ന് റാസൽഖോറിലെ ഒരു കമ്പനിയിൽ ജോലി ആവശ്യാർഥം പോയതിൽ പിന്നെ ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന അനിലിന്റെ സഹോദരൻ പ്രകാശ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ദിവസങ്ങൾ കഴിഞ്ഞിട്ടും അനിലിനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ നാട്ടിൽ നിന്ന് ദുബായിലെത്തി. സഹോദരനും മകനും ചേർന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് മറ്റൊരു പൊലീസ് സ്റ്റേഷനിൽ നിന്ന് അവിടെയെത്താൻ ഇവർക്ക് ഫോൺ കോൾ ലഭിക്കുകയായിരുന്നു.

ഈ മാസം 12നാണ് അനിലിന്റെ മൃതദേഹം ഷാർജയിലെ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം വികൃതമായിരുന്നു. അനിലിനെ കഴുത്തു ഞെരിച്ചാണ് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ടിൽ പറയുന്നത്. കൂടാതെ, നെഞ്ചിലും പരുക്കേറ്റിരുന്നു.

നേരത്തെ അനിലിനെ അന്വേഷിക്കാൻ കേസിലെ പ്രതിയായ പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. ഒടുവിൽ അന്വേഷണം തന്നിലേയ്ക്ക് നീളുമെന്നായപ്പോൾ ഇയാൾ ഒളിവിൽ പോയി. ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ 2 പേരെയും തുടർന്ന് അറസ്റ്റ് ചെയ്തു.

മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി അപ്പോഴേയ്ക്കും നാട്ടിലേയ്ക്ക് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. ജോലി സംബന്ധമായ മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന നിഗമനമാണ് പൊലീസിന്റേതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ അനിലിന്റെ മ‍ൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.