1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2020

സ്വന്തം ലേഖകൻ: 15 കോടിയിലേറെ പൂക്കളുമായി “ദുബായ് മിറക്കിൾ ഗാർഡൻ” ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കൾ ഒൻപതാമത് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നു. ഗൾഫ് മേഖലയിൽ കാണാത്ത പൂക്കളാണിവ.

ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണു മറ്റു പ്രത്യേകതകൾ. ആംഫി തിയറ്ററിൽ ലൈവ് പരിപാടികളും പുഷ്പ മേളകളും ഉണ്ടാകും. മുകളിൽ നിന്നു പാർക്കിന്റെ ചിത്രം പകർത്താനും സൗകര്യമുണ്ട്.

400 മീറ്റർ നടപ്പാതയ്ക്കും പ്രത്യേകതകളേറെ. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവ ആസ്വദിച്ചു നടക്കാം. പാതയിൽ ദിവസവും ഉല്ലാസ പരിപാടികൾ നടക്കും. ഘോഷയാത്ര, നാടോടി സംഗീതം, സൂംബ നൃത്തം, കാർട്ടൂൺ മേളകൾ എന്നിവ ഉണ്ടാകും. ഗേറ്റുകളിൽ പ്രമുഖ കാർട്ടൂൺ രൂപങ്ങൾ സന്ദർശകരെ വരവേൽക്കും. പൂക്കളാൽ അലങ്കരിച്ച എമിറേറ്റ്സ് എ380 വിമാനം, ഡിസ്നി അവന്യൂ, ഭക്ഷണശാലകൾ എന്നിവയുമുണ്ട്.

സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. മറ്റു പൊതു അവധി ദിവസങ്ങളിലും 11 മണിവരെ പ്രദർശനം കാണാം.

12 വയസ്സ് കഴിഞ്ഞവർക്ക് 55 ദിർഹം, 3 മുതൽ 12 വയസ്സ് വരെയുള്ളവർക്ക് 40 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.