1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2024

സ്വന്തം ലേഖകൻ: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ സ്റ്റേഡിയം ബസ് സ്റ്റേഷന്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ ഇവിടെ നിന്നുള്ള ബസ് സര്‍വീസുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ ബസ് സ്റ്റേഷന്‍ ആരംഭിച്ചതെന്നും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ നിന്നുള്ള യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കുന്നതിനും മെട്രോ ഉള്‍പ്പെടെയുള്ള മറ്റ് പൊതുഗതാഗത ഓപ്ഷനുകളിലേക്ക് തടസ്സമില്ലാത്ത കണക്ഷന്‍ ബസ്സുകള്‍ നല്‍കുന്നതിനുമാണ് പുതിയ ബസ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യാത്രയുടെ സമയദൈര്‍ഘ്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിലവിലെ എക്സ്പ്രസ് ലൈനുകളിലും ചില മെച്ചപ്പെടുത്തലുകള്‍ വരുത്തിയതായും ആര്‍ടിഎ അറിയിച്ചു. 62, എക്സ് 02, എക്സ് 23, എക്സ് 22, എക്സ് 13, എക്സ് 25, എക്സ് 92, എക്സ് എക്സ് 64, എക്സ് 94 എന്നീ ലൈനുകളിലാണ് എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനങ്ങലില്‍ എത്തിച്ചേരാന്‍ കഴിയും വിധം മാറ്റങ്ങള്‍ വരുത്തിയത്. അഗോറ മാളില്‍ അവസാനിക്കുന്ന എക്സ് 28 ലൈനിന്റെ ദൂരം കുറച്ചതായും ആര്‍ടിഎ അറിയിച്ചു.

ഇ 102 ഇന്റര്‍സിറ്റി ബസ് ലൈന്‍ ബസ്സുകള്‍ വാരാന്ത്യങ്ങളില്‍ മുസഫ ബസ് സ്റ്റേഷന്‍ വരെ സര്‍വീസ് നടത്തും. അതുവഴി അല്‍ ജാഫിലിയ സ്റ്റേഷനും സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എയ്ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കാനാവും. കൂടാതെ, 19, 23, 27, 43, 62, സി 04, സി 10, സി 15, സി 18, ഡി 03, ഇ 102, ഇ 307, ഇ 400, എഫ് 08, എഫ് 17, എഫ് 22, എഫ് 23, എഫ് 23എ, എഫ് 24, എഫ് 51, ഡബ്ല്യു 20, എക്സ് 02, എക്സ് 13, എക്സ് 22, എക്സ് 23, എക്സ് 25, എക്സ് 28, എക്സ് 64, എക്സ് 92, എക്സ് 94 എന്നീ 30 റൂട്ടുകളുടെ ഷെഡ്യൂളുകളിലും മാറ്റങ്ങള്‍ വരുത്തിയതായും ആര്‍ടിഎ അറിയിച്ചു.

പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ റൂട്ട് 91എ ബസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല. പകരം അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ജബല്‍ അലി പോര്‍ട്ട് സോണിലേക്ക് റൂട്ട് 91 ബസ്സുകള്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.